ഖത്തറിൽ നടന്ന വേൾഡ് കപ്പ് ഫുട്ബോൾ മത്സരത്തിനു പങ്കെടുക്കുന്ന താരങ്ങള്‍ക്ക് കഴിക്കുന്നതിന് വേണ്ടി ഒരു കൃഷിയിടത്തിൽ നിന്നുള്ള ചക്ക തന്നെ വേണമെന്ന് സംഘാടകർ വാശി പിടിച്ചതോടെ ആണ് തൃശ്ശൂർ അമല നഗർ സ്വദേശി വർഗീസ് തരകൻ എക്സ്പോർട്ടറായി മാറുന്നത്. ഇന്ന് അദ്ദേഹം ഓരോ ആഴ്ചയും 1500ല്‍ അധികം കിലോ വരിക്കച്ചക്കയാണ് കോഴിക്കോട്ടുള്ള എക്സ്പോർട്ട് സ്ഥാപനം വഴി ഖത്തർ , ഫ്രാൻസ് , യുകെ , ബഹറിൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്നത്. ഡൽഹിയിലുള്ള ബ്രസീൽ എംബസിയിലെ വിരുന്നുകൾക്കും ചക്ക നൽകുന്നത് വർഗ്ഗീസ് തന്നെയാണ്.
നേരത്തെ തന്റെ പതിമൂന്നര ഏക്കർ വസ്തുവിൽ റബർ കൃഷി ആയിരുന്നു നടത്തി വന്നിരുന്നത്. ഇത് ഉപേക്ഷിച്ചാണ് അദ്ദേഹം ചക്ക കൃഷി ആരംഭിച്ചത്. ആര് തന്റെ തോട്ടം കാണാൻ എത്തിയാലും അദ്ദേഹം ചക്ക നൽകും. 365 ദിവസവും വിളവെടുക്കാൻ കഴിയുന്ന ആയൂർ ജാക്ക് എന്ന തേൻ വരിക്കക്കാണ് ആവശ്യക്കാർ ഏറെയും. പഴുത്തു തുടങ്ങുന്ന ചക്ക വിമാനത്തിലാണ് കയറ്റി അയക്കുന്നത്.
പതിമൂന്നര ഏക്കറിൽ 2400 പ്ലാവുകൾ ഉണ്ട്. ഇതിലൂടെ 1500 കിലോ വരിക്കച്ചക്കയാണ് ഇദ്ദേഹം വിളവെടുക്കുന്നത്. ഒരു കിലോ ചക്കയ്ക്ക് 40 മുതൽ 50 രൂപ വരെയാണ് വില. ഇതിലൂടെ പ്രതിമാസം മൂന്നു മുതൽ 7 ലക്ഷം രൂപ വരെ ഇദ്ദേഹം സമ്പാദിക്കുന്നുണ്ട്.
ക്യാൻസർ രോഗികൾക്ക് കൊടുക്കാൻ ചക്ക വേണമെന്ന് അമല ആശുപത്രിക്ക് സമീപത്തുള്ള ഡോക്ടർമാർ ആവശ്യപ്പെട്ടതോടെയാണ് അദ്ദേഹം കൃഷി ആരംഭിക്കുന്നത്. ബ്ലൂട്ടോണ്‍ ഇല്ലാത്ത പഴവർഗമാണ് ചക്ക. അതുകൊണ്ടാണ് ഇത് രോഗികൾക്ക് നൽകുന്നത്. ഇപ്പോഴും അദ്ദേഹം ക്യാൻസർ രോഗികൾക്ക് ചക്ക സൗജന്യമായി നൽകുന്നുണ്ട്. ആയിരം ഏക്കറിൽ മുഴുവൻ കൃഷി ചെയ്താൽ പോലും കൊടുക്കാൻ കഴിയാത്തത്ര ആവശ്യക്കാർ ഉണ്ടെന്ന് വർഗീസ് തരകൻ പറയുന്നു. അതുകൊണ്ടുതന്നെ കൃഷി കൂടുതൽ വിപുലപ്പെടുത്താനാണ് ഇദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.