കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ ഗോപാലകൃഷ്ണൻ രാജി വച്ചു. കഴിഞ്ഞ ദിവസം അദ്ദേഹം മുഖ്യമന്ത്രിയെ നേരിൽ കണ്ട് രാജിക്കത്ത് സമർപ്പിച്ചു.
കെ ആർ നാരായണൻ ഇൻസ്റ്റ്യൂട്ടിലെ സമര ആഘോഷങ്ങളുടെ പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കള്ളം കള്ളത്തെ പ്രസവിച്ചു. മാധ്യമങ്ങൾ ആടിനെ പേപ്പട്ടി ആക്കി തല്ലിക്കൊല്ലുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. കുറ്റവാളികൾ ആരായാലും അവർക്ക് ശിക്ഷ നൽകണം. തെറ്റ് ചെയ്തത് ഗേറ്റ് കീപ്പർ ആയാലും ശുചീകരണ ജോലിക്കാരായാലും, അധ്യാപകർ ആയാലും വിദ്യാർത്ഥികളായാലും തുടർനടപടി സ്വീകരിക്കണം.
ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് രാജി വച്ച ഡയറക്ടർ ശങ്കർ മോഹനോളം ചലച്ചിത്ര സംബന്ധമായ അറിവും പ്രവർത്തന പരിചയവുള്ള ഒരു വ്യക്തി ഇന്ത്യയിൽ തന്നെയില്ല. അദ്ദേഹത്തെ ക്ഷണിച്ചു വരുത്തി അപമാനിക്കുകയാണ് ചെയ്തത്. സങ്കർ മോഹനനെതിരെ ഉയർന്നു വന്ന ആരോപണങ്ങളെല്ലാം വാസ്തവ വിരുദ്ധമാണ്. ഇൻസ്റ്റിറ്റ്യൂട്ടിനെ മികച്ച സിനിമ പരിശീലന കേന്ദ്രമാക്കി മാറ്റുന്നതിന് വേണ്ടി പ്രയത്നിച്ച വ്യക്തിയാണ് ശങ്കർ മോഹനൻ.
ജാതി വിവേചനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിട്ടത് കൊണ്ടാണ് അദ്ദേഹം രാജി വച്ചത്. വിദ്യാർത്ഥികളെ ഉപയോഗിച്ച് അടിമപ്പണി നടത്തിയെന്ന ആരോപണങ്ങൾ പച്ചക്കള്ളമാണ്. ഇപ്പറയുന്ന ജോലിക്കാർ ആരുംതന്നെ പട്ടികജാതിയിൽ പെട്ടവരല്ല. അവർ നായന്മാരും, ക്രിസ്ത്യാനികളും ആശാരിമാരുമൊക്കെയാണ്. ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന കാര്യങ്ങൾ സാമാന്യ ബുദ്ധിക്കു നിരക്കാത്ത കാര്യങ്ങളാണ്. അവിടെ നടന്ന സംഭവങ്ങളെ കുറിച്ച് സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥർ അന്വേഷിക്കണം. ഇതിന്‍റെ പിന്നില്‍ ഉള്ള സത്യാവസ്ഥ എന്താണെന്ന് പുറത്തു കൊണ്ടു വരണമെന്നും അടൂർ ആവശ്യപ്പെട്ടു.