കെ എസ് ആർ ടി സി ബസിന്റെ അടിയിൽപ്പെട്ട സ്കൂൾ ജീവനക്കാരി അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി വന്നു. കോട്ടയം ചിങ്ങവനത്താണ് നാട്ടുകാരെ എല്ലാവരെയും അത്ഭുതപ്പെടുത്തിയ സംഭവം നടന്നത്. ബസിന്‍റെ അടിയില്‍പ്പെട്ടുപോയ യുവതിയുടെ മുടി മുറിച്ചാണ് ഒടുവില്‍ രക്ഷപ്പെടുത്തിയത്. ഇവരുടെ തലയിൽ സാരമല്ലാത്ത പരുക്ക് പറ്റിയിട്ടുണ്ട്. ഇത് തന്റെ രണ്ടാം ജന്മമാണെന്നും ഇതിൽ ഒരുപാട് സന്തോഷമുണ്ടെന്നും യുവതി പ്രതികരിച്ചു.
സ്കൂൾ ബസ്സിലെ കുട്ടികളെ റോഡ് ക്രോസ് ചെയ്യിപ്പിച്ചിട്ട് തിരികെ വരുന്നതിനിടയാണ് അമ്പിളി ബസിന്റെ അടിയിൽപ്പെട്ടത്. ഒരു കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ വന്നു തോളിലിടിച്ച് വണ്ടിയുടെ അടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു ഇവര്‍. ബസിന്‍റെ അടിയിലേക്ക് വീണെങ്കിലും അമ്പിളിക്ക് ബോധം നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. താന്‍ വല്ലാതെ ഭയന്നു പോയി എന്ന് അമ്പിളി പറയുന്നു. അമ്പിളിയെ കണ്ട് ബസ് ഡ്രൈവർ പെട്ടെന്ന് വാഹനം വെട്ടിച്ചതു കൊണ്ടാണ് വലിയ അപകടം സംഭവിക്കാതിരുന്നത്.
ബസ്സിന്റെ അടിയിൽ വീണ അമ്പിളിയുടെ മുടിയില്‍ ടയറിന്റെ പിൻഭാഗം കയറി നിൽക്കുകയായിരുന്നു. ഒടുവിൽ നാട്ടുകാരിൽ ചിലർ ചേർന്ന് മുടി മുറിച്ചാണ് അമ്പിളിയെ പുറത്തെടുത്തത്. ഒരിക്കൽ കൂടി ജീവിതം തിരികെ കിട്ടിയതിൽ സന്തോഷം ഉണ്ടെന്നും അമ്മയുടെ ശക്തിയാണ് രക്ഷപ്പെടുത്തിയത് എന്നും അമ്പിളി പറയുന്നു. ഇത് തന്റെ പുനർജന്മമാണെന്ന് അമ്പിളി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് നാട്ടുകാരെ എല്ലാവരെയും ഞെട്ടിച്ച ഈ അപകടം സംഭവിച്ചത്. എം സി റോഡിൽ വച്ച് ചിങ്ങവനം പുത്തൻ പാലത്തിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. അമ്പിളിയുടേത് അത്ഭുതകരമായ രക്ഷപ്പെടൽ ആണെന്ന് ദൃക്സാക്ഷികൾ പറയുന്നു.