സ്വിറ്റ്സർലൻഡിൽ ഖുർആൻ കത്തിച്ചു; കേരളത്തിൽ ബൈബിൾ കത്തിച്ച് യുവാവിന്‍റെ പ്രതികാരം; കാസർകോട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു

ബൈബിൾ കത്തിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച കാസർഗോഡ് സ്വദേശിയായ മുസ്തഫക്കെതിരെ പോലീസ് കേസെടുത്തു. ഇയാൾ സ്വയം വീഡിയോയിൽ പരിചയപ്പെടുത്തിയിരിക്കുന്നത് എരിഞ്ഞി പുഴ മുസ്തഫ എന്നാണ്. ഇയാള്‍ നേരത്തെയും ഇത്തരത്തില്‍ തീവ്ര വര്‍ഗീയ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് എന്നാണ് വിവരം. ഇയാള്‍ക്കെതിരെ ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ അടക്കം കടുത്ത വിമര്‍ശനം ഉയരുകയാണ്. 

സ്വിറ്റ്സർലൻഡിൽ ഖുർആൻ കത്തിച്ചു; കേരളത്തിൽ ബൈബിൾ കത്തിച്ച് യുവാവിന്‍റെ പ്രതികാരം; കാസർകോട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു 1

സ്വിറ്റ്സർലൻഡിൽ ഖുർആൻ കത്തിച്ചതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുകയാണ് എന്ന് കാണിച്ചാണ് ഇയാൾ ഇത്തരം ഒരു പ്രവര്‍ത്തി ചെയ്തത്. ഇത് തന്റെ പ്രതിഷേധമാണ് എന്നു പറഞ്ഞു കൊണ്ടാണ് ഇയാള്‍  ബൈബിള്‍ മേശപ്പുറത്ത് വയ്ക്കുന്നത്. തുടർന്ന് ബൈബിളിലെ പേജുകൾ മറിച്ച ഇയാൾ അതിൽ വെളിച്ചെണ്ണ ഒഴിക്കുന്നു. ശേഷം  ബൈബിൾ കത്തിക്കാൻ ശ്രമിക്കുമ്പോൾ പ്രതീക്ഷിച്ചത് പോലെ ആളിക്കത്തിയില്ല. ഇതോടെ ഇയാൾ ഗ്യാസ് സ്റ്റൗ കത്തിച്ചു വച്ചതിനു ശേഷം അതിനു മുകളിൽ ബൈബിൾ കമഴ്ത്തി വച്ച് കത്തിക്കുക ആയിരുന്നു. ബൈബിളില്‍ തീ  ആളി പടരുന്നതിനിടെ ഇയാള്‍ എണ്ണ ഒഴിച്ച് കൊടുക്കുകയും ചെയ്യുന്നത് വീഡിയോയിൽ ദൃശ്യമാണ്.

ഈ വീഡിയോ പുറത്തു വന്നതോടെ സമൂഹ മാധ്യമത്തിൽ അടക്കം ഇയാള്‍ക്കെതിരെ വലിയ തോതിലുള്ള വിമർശനമാണ് ഉയർന്നത്. നിരവധി പേരാണ് ഇയാളുടെ ഈ നടപടിക്കെതിരെ രംഗത്ത് വന്നത്.  നാട്ടിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുന്നതിനു വേണ്ടി പ്രതി ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കുക ആയിരുന്നു എന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഇതിനോടകം നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിട്ടുള്ളത്.

Exit mobile version