സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡ് പദ്ധതി വെറും പേരിന് മാത്രമാണെന്ന് ആദ്യ ദിവസം തന്നെ ബോധ്യപ്പെട്ടിരിക്കുകയാണ് . പണം നൽകിയാൽ പ്രത്യേകിച്ച് ഒരു
പരിശോധനയും ഇല്ലാതെ തന്നെ ആർക്കും ആരോഗ്യ കാര്‍ഡ് കിട്ടും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത് ഏറെ ഗുരുതരമാണ്.
ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ആർ എം ഒ. ഇദ്ദേഹം മുന്നൂറ് രൂപ വാങ്ങി ഒരു പരിശോധനയും നടത്താതെ ഹെൽത്ത് കാർഡ് നൽകുകയാണ് എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വരികയുണ്ടായി. കേരളത്തിലെ ഒരു പ്രമുഖ മാധ്യമം ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ അടക്കം പുറത്തു വിടുകയും ചെയ്തു. എല്ലാ വിധത്തിലുള്ള പരിശോധനകളും നടത്തിയതിനു ശേഷം മാത്രമേ കാർഡ് നൽകാൻ പാടുള്ളൂ എന്ന വ്യവസ്ഥ നിലനിൽക്കെയാണ് സംസ്ഥാനത്ത് ഇത്തരമൊരു സ്ഥിതി സംജാതമായിരിക്കുന്നത്. ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് വിശദമായ ശാരീരിക പരിശോധന നടത്തിയതിന് ശേഷം മാത്രമേ ഹെല്‍ത്ത് കാര്‍ഡ് നല്കാന്‍ പാടുള്ളൂ . ത്വക്ക് രോഗങ്ങൾ , കാഴ്ച ശക്തി , പകര്‍ച്ച വ്യാധി , വൃണം തുടങ്ങിയവ ഉണ്ടോ എന്ന് പരിശോധിച്ചതിനു ശേഷം മാത്രമേ ഹെൽത്ത് കാർഡ് നൽകാൻ പാടുള്ളൂ എന്നാണ് ചട്ടം. ഇതിനെല്ലാം കാറ്റിൽ പറത്തി കൊണ്ടാണ് സംസ്ഥാനത്തെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഇത്തരത്തില്‍ പണം വാങ്ങി ഹെൽത്ത് കാർഡ് ഇഷ്യൂ ചെയ്യുന്നത്.