പട്ടിണിയിൽ നട്ടം തിരിഞ്ഞ് പാകിസ്ഥാൻ; ഇനി വരാനിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി

പാക്കിസ്ഥാൻ രൂപവൽക്കരിക്കപ്പെട്ടതിനു ശേഷം ഉള്ള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ രാജ്യം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. രാജ്യം പട്ടിണിയിൽ നട്ടം തിരിക്കുകയാണ്. ഇതിനിടെയാണ് അവശ്യ ഭക്ഷ്യ വസ്തുക്കളുടെ ക്ഷാമം കൂടുതൽ രൂക്ഷമാകുന്നതായി വ്യാപാരികൾ കൂടി മുന്നറിയിപ്പ് നൽകുന്നു. ഈ സ്ഥിതി തുടർന്നാൽ അധികം വൈകാതെ തന്നെ പാചക എണ്ണയും നെയ്യും ഉൾപ്പെടെയുള്ള വസ്തുക്കൾ കിട്ടാതെ വരും. പല സ്ഥലങ്ങളിലും ഇപ്പോൾ തന്നെ ഇവയ്ക്ക് വലിയ ദൗർലഭ്യമാണ് നേരിടുന്നത്. അവശ്യ വസ്തുക്കൾ ഇറക്കുമതി  ചെയ്യുന്നതിന് ബാങ്ക് നേരിട്ട് ഗ്യാരണ്ടി നൽകാത്ത പക്ഷം സ്ഥിതി ഗതികൾ കൂടുതൽ വഷളാകും. ഇതുവരെ കാണാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്  രാജ്യം നീങ്ങുകയാണ്.

പട്ടിണിയിൽ നട്ടം തിരിഞ്ഞ് പാകിസ്ഥാൻ; ഇനി വരാനിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി 1

നേരത്തെ തന്നെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. സ്ഥിതിഗതികള്‍  കൂടുതൽ വഷളാകാനുള്ള കാരണം രൂപയുടെ മൂല്യത്തിൽ വന്ന ഇടിവാണ്. രാജ്യത്തിൻറെ കൈവശമുള്ള കരുതൽ ശേഖരമായ വിദേശ കറൻസി നന്നേ കുറവാണ്. പേരിനു മാത്രമേ ഇപ്പോൾ പാകിസ്താന്റെ കൈവശം വിദേശ കറൻസി ഉള്ളു. ഇത് ഉപയോഗിച്ച് കഷ്ടിച്ച് മൂന്നാഴ്ച മാത്രമേ ഇറക്കുമതി സാധ്യമാവുകയുള്ളൂ. ഇപ്പോൾ രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ കാഠിന്യം കുറയ്ക്കുന്നതിന് വേണ്ടി തടഞ്ഞു വച്ചിരിക്കുന്ന വിദേശ ഫണ്ട് ലഭിക്കുന്നതിനു വേണ്ടി ഭരണകൂടം ചർച്ച നടത്തിയിട്ടുണ്ടെങ്കിലും അത് എങ്ങും എത്തിയിട്ടില്ല. പാക്കിസ്ഥാനുമായി ഏറ്റവും അടുത്ത സൗഹൃദം പുലർത്തുന്ന രാജ്യമായ ചൈന പോലും ഇതുവരെ ഒരു സഹായവും നൽകിയിട്ടില്ല. വൈദ്യുതി,  ഡീസൽ , പെട്രോൾ തുടങ്ങിയവയ്ക്ക് ഇപ്പോൾ തന്നെ കടുത്ത നിയന്ത്രണമാണ് പാകിസ്ഥാനിൽ നിലനിൽക്കുന്നത്. ചില സ്ഥലങ്ങളിൽ ഭക്ഷ്യ ധാന്യത്തിന് റേഷൻ ഏർപ്പെടുത്താൻ പോകുന്നു എന്ന റിപ്പോർട്ടും ഉണ്ട്.

Exit mobile version