തൊഴിലിടങ്ങളിൽ ശമ്പളത്തോടു കൂടിയുള്ള ആർത്തവ അവധി നടപ്പിലാക്കാൻ പദ്ധതി ഇല്ലെന്ന് കേന്ദ്ര സർക്കാർ. കുടുംബ ക്ഷേമ വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട വിശദീകരണം നൽകിയത്. പാർലമെൻറിൽ നിരന്തരമായി ആർത്തവ അവധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടി എന്നോണം ആണ് ഇപ്പോൾ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
ആർത്തവം എന്നത് വളരെ സ്വാഭാവികമായ ഒരു ശാരീരിക പ്രക്രിയ മാത്രമാണ്. മാത്രമല്ല വളരെ ചെറിയ ഒരു ശതമാനം സ്ത്രീകളിൽ മാത്രമേ ആർത്തവ സമയങ്ങളിൽ അധികഠിനമായ ശാരീരിക ബുദ്ധിമുട്ടുകളും വയറ് വേദനയും അനുഭവപ്പെടുകയുള്ളൂ. ഇത് മരുന്നിലൂടെ മറികടക്കാൻ കഴിയുകയും ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അറിയിച്ചു. എന്നാല്‍ പെൺകുട്ടികൾക്കിടയില്‍ ഉള്ള ആർത്തവ ശുചിത്വത്തിനു വേണ്ട പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും സർക്കാർ വ്യക്തമാക്കി. കേരളത്തിലുള്ള വിവിധ സർവകലാശാലകളിൽ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകിയിരുന്നു. ഈ നടപടി പൊതു സമൂഹം ഇരു കയ്യും നീട്ടി സ്വീകരിക്കുകകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയാണ് കേരളത്തിൽ നിന്നുള്ള എംപിമാർ ആർത്തവ അവധി വേണമെന്ന് ആവശ്യം പാർലമെൻറിൽ ഉന്നയിച്ചത്.
അതേ സമയം കഴിഞ്ഞ ദിവസം പുറത്തു വന്ന ബഡ്ജറ്റിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആയി ധനമന്ത്രി നിർമല സീതാരാമൻ ചില പുതിയ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് മഹിളാ സമ്മാന്‍ സേവിംഗ്‌സ് പത്ര എന്ന പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചത്. പദ്ധതിയുടെ കാലാവധി രണ്ടു വര്‍ഷമാണ്. രണ്ടു ലക്ഷം രൂപവരെ നിക്ഷേപിക്കാവുന്ന ഈ പദ്ധതിയില്‍ 7.5% വരെ പലിശ ലഭിക്കും.