ഇത് ബ്രിട്ടീഷുകാര്‍ പണി കഴിപ്പിച്ച ശിവക്ഷേത്രം; രാജ്യത്ത് ഇങ്ങനെ ഒരേയൊരു ക്ഷേത്രം മാത്രം

ബ്രിട്ടീഷുകാർ രാജ്യത്ത് ആധിപത്യം സ്ഥാപിച്ചപ്പോൾ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനാണ് കൂടുതൽ പ്രാമുഖ്യം നൽകിയിരുന്നത്. എന്നാൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച ഒരേയൊരു ക്ഷേത്രമാണ് മധ്യപ്രദേശിലെ അകൽ മൽവയിലുള്ള ബൈജ്നാഥ് ക്ഷേത്രം. ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ലാത്ത ബ്രിട്ടീഷ് ദമ്പതികളാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. ഇതിന് പിന്നില്‍ ഒരു കഥ ഉണ്ട്. ഇത് നടക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്.

ഇത് ബ്രിട്ടീഷുകാര്‍ പണി കഴിപ്പിച്ച ശിവക്ഷേത്രം; രാജ്യത്ത് ഇങ്ങനെ ഒരേയൊരു ക്ഷേത്രം മാത്രം 1

അഫ്ഗാനിസ്ഥാനുമായുള്ള യുദ്ധത്തിനു വേണ്ടി ബ്രിട്ടീഷ് സൈന്യത്തിലെ കേണല്‍ ആയിരുന്ന മാർട്ടിന് അകൽ മൽവ പ്രദേശത്തേക്ക് പോകേണ്ടതായി വന്നു. പക്ഷേ അപ്പോഴും തന്റെ ഭാര്യയ്ക്ക് അദ്ദേഹം മുടങ്ങാതെ കത്തുകൾ അയച്ചിരുന്നു. എന്നാൽ യുദ്ധം കൊടുമ്പിരി കൊണ്ടതോടെ അദ്ദേഹത്തിന് കത്തയക്കാൻ കഴിഞ്ഞില്ല. ഈ സമയം അഫ്ഗാൻ യുദ്ധത്തിൽ ബ്രിട്ടീഷുകാരുടെ മേൽ കടുത്ത മേൽ കൈ നേടുകയും ചെയ്തു. ബ്രിട്ടീഷുകാർക്ക് അഫ്ഗാനെ നേരിടാൻ കഴിയാത്ത വിധത്തിൽ സ്ഥിതിഗതികൾ സംജാതമായി. ഇത് അറിഞ്ഞ മാർട്ടിന്റെ ഭാര്യ ആകെ വിഷമത്തിൽ ആയി. അവർ കുതിരപ്പുറത്ത് കയറി എങ്ങോട്ടെന്നില്ലാതെ യാത്ര തുടർന്നു. യാത്രയ്ക്കിടെ അവർ ബൈജ്നാഥ് ക്ഷേത്രം കാണുകയും അവിടെ കയറുകയും ചെയ്തു. അന്ന് അതൊരു ചെറിയ ക്ഷേത്രം ആയിരുന്നു. അപ്പോള്‍  അവിടെ ആകെ ഉണ്ടായിരുന്നത് കുറച്ച് ബ്രാഹ്മണർ മാത്രമായിരുന്നു. അവർ മാർട്ടിന്റെ ഭാര്യയോട് വിവരം തിരക്കി. എല്ലാ പ്രശ്നങ്ങൾക്കും ശിവ ഭഗവാൻ പരിഹാരം നൽകുമെന്ന് അവർ അവരെ ഉപദേശിച്ചു. അങ്ങനെ ബ്രാഹ്മണരുടെ വാക്ക് കേട്ട് 11 ദിവസം തുടർച്ചയായി ഓം നമശിവായ എന്ന മന്ത്രം ഉരുവിടുവാനും ലഘു രുദ്രി അനുഷ്ഠിക്കുവാനും അവർ തീരുമാനിച്ചു. ഭർത്താവ് ജീവനോടെ തിരികെ വന്നാൽ ക്ഷേത്രം പണിതു നൽകുമെന്നും അവർ വാക്കു കൊടുത്തു. തുടർന്ന് പതിനൊന്നാം ദിവസം അവർക്ക് ഭർത്താവിൻറെ കത്ത് കിട്ടി. തങ്ങൾ വിജയിച്ചു എന്നും സുരക്ഷിതനാണ് എന്നും അദ്ദേഹം ഭാര്യക്ക് അയച്ച കത്തിൽ എഴുതിയിരുന്നു. കൂടാതെ യുദ്ധസമയത്ത് തന്നെ സഹായിക്കാൻ ഒരു യോഗി എത്തിയെന്നും അദ്ദേഹം കത്തില്‍ എഴുതിയിരുന്നു. ഇതോടെ അമ്പലം പുതുക്കി പണിയാൻ അവർ ധനസഹായം നല്കുക ആയിരുന്നു.

Exit mobile version