മരണത്തിൽ നിന്നും ഒരു മടങ്ങിവരവ് ഉണ്ടോ. ശാസ്ത്രം ഇത്രയൊക്കെ പുരോഗമിച്ചിട്ടുണ്ടെങ്കിലും അതിൻറെ ഉത്തരം ഇല്ല എന്ന് തന്നെയാണ്. എന്നാൽ ചില സ്ഥലങ്ങളിൽ ശവസംസ്കാര ചടങ്ങുകൾക്ക് തൊട്ടുമുൻപ് ചിലർ ജീവിതത്തിലേക്ക് മടങ്ങി വന്ന അപൂർവ്വ സംഭവങ്ങൾ ഉണ്ടാകാറുണ്ട്. മരിച്ചു എന്ന് വിധിയെഴുതിയതിനു ശേഷം ആണ് ചിലർ ഉയർത്തെഴുന്നേൽക്കുന്നത്. ഇങ്ങനെ സംഭവിക്കുന്നതിന്‍റെ പ്രധാന കാരണം ആശുപത്രി അധികൃതരുടെ ഭാഗത്ത് വരുന്ന ചില പിഴവുകളാണ്. അത്തരമൊരു വാർത്തയാണ് ഡെറാടൂണില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ഗ്യാൻ ദേവി പെട്ടെന്ന് കുഴഞ്ഞു വീഴുന്നത്. ഉടൻതന്നെ ബന്ധുക്കൾ ഡോക്ടർമാരെ വിളിച്ചു വരുത്തി. അവർ മരണം സ്ഥിരീകരിച്ചു. തുടർന്ന് ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിച്ചു. ആ ഗ്രാമത്തിൽ 100 വയസ്സിന് മുകളിൽ ജീവിച്ചവർ വളരെ കുറവായതുകൊണ്ട് തന്നെ ഗ്യാന്‍ ദേവിയുടെ മരണവാർത്ത അറിഞ്ഞ് നിരവധി പേർ വീട്ടിലേക്ക് എത്തി. ആ ഗ്രാമം ഒന്നാകെ ആ വീടിന് ചുറ്റും തടിച്ചുകൂടി. തുടർന്ന് ശവസംസ്കാരത്തിന് വേണ്ട ചടങ്ങുകൾ എല്ലാം ആരംഭിച്ചു.
ചടങ്ങുകൾ പൂർത്തിയാക്കി ശരീരം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുന്നതിനിടെ ആണ് എല്ലാവരും അത് ശ്രദ്ധിക്കുന്നത്. ഗ്യാന്‍ ദേവിയുടെ ശരീരം ചെറുതായി അനങ്ങുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒന്ന് വിറച്ചതിനു ശേഷം ആ മുത്തശ്ശി തന്റെ രണ്ട് കണ്ണുകളും തുറന്നു. തങ്ങളുടെ മുന്നിൽ സംഭവിക്കുന്നത് എന്താണെന്ന് ആർക്കും മനസ്സിലായില്ല. അടുത്ത ബന്ധുക്കൾ മുത്തശ്ശിയുടെ അടുത്തേക്ക് ഓടിയെത്തി. കണ്ണു തുറന്ന് അല്പ നിമിഷത്തിനകം തന്നെ അവർ സ്വാഭാവിക ബോധത്തിലേക്ക് തിരികെ വന്നു. നൂറ്റി രണ്ടാമത്തെ വയസ്സിലും മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ അവര്‍ ഇന്ന് നാട്ടിൽ ഒരു വലിയ ചർച്ചാവിഷയമാണ്. നിരവധി പേരാണ് ഈ മുത്തശ്ശിയെ കാണാൻ അവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.