ഓ ടീ ടീ ഭീമൻ എന്നാണ് നെറ്റ് ഫ്ളിക്സ് പൊതുവേ അറിയപ്പെടുന്നത്. മിക്ക ചിത്രങ്ങളും ആദ്യം എത്തുന്ന ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് നെറ്റ് ഫ്ലിക്സ്. അതുകൊണ്ടുതന്നെ സിനിമ പ്രേമികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് നെറ്റ്ഫ്ലിക്സിനെയാണ്. പലപ്പോഴും ഒരു അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിന് വേണ്ടി മാത്രം പണം അടച്ചതിനു ശേഷം സുഹൃത്തുക്കളുമായി ഇത് ഷെയർ ചെയ്യാറാണ് ഉള്ളത്. എന്നാൽ ഇനി മുതൽ നെറ്റ് ഫ്ലിക്സിൽ ആ പരിപാടി നടക്കില്ല. ഒറ്റ അക്കൗണ്ടിൽ പണം അടച്ചതിന് ശേഷം അതിന്റെ പാസ്സ്‌വേർഡ് സുഹൃത്തുക്കളുമായി പങ്കു വക്കുന്നതിൽ നെറ്റ്ഫ്ലിക്സ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. പുതിയ നിയമം അനുസരിച്ച് ഒരു വീട്ടിലുള്ളവർ അല്ലാതെ മറ്റാർക്കും നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ പാസ്സ്‌വേർഡ് പങ്കുവെച്ച് ഉപയോഗിക്കാൻ കഴിയില്ല. ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ഈ നിയന്ത്രണം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒരു ഉപഭോക്താവ് അക്കൗണ്ട് ലോഗിൻ ചെയ്ത ഉപകരണത്തിന്റെ ഡീറ്റൈല്‍സ് ഉപയോഗിച്ച് പ്രൈമറി ലൊക്കേഷൻ മനസ്സിലാക്കുവാൻ നെറ്റ് ഫിക്സ് ഉപയോഗിക്കുന്നു. ലോഗിന്‍ ചെയ്യുന്നവര്‍ എല്ലാവരും ഒരു വീട്ടിലാണ് താമസിക്കുന്നത് എന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടി എല്ലാ മാസവും ഒരിക്കലെങ്കിലും അവരുടെ ഉപകരണങ്ങൾ ഒരേ വൈഫൈയിൽ കണക്ട് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും. ഇതിലൂടെ പാസ്സ്‌വേർഡ് ഷെയർ ചെയ്യുന്നത് തടയാൻ കഴിയും എന്നാണ് കമ്പനി കരുതുന്നത്. ഒരേ വീട്ടിൽ അല്ലാതെ മറ്റൊരിടത്ത് താമസിക്കുന്ന ഒരാൾക്ക് അക്കൗണ്ടിന്റെ പാസ്സ്‌വേർഡ് കൈമാറുന്നതിന് ഉപഭോക്താവ് അധികമായി പണം അടയ്ക്കണം. മറ്റൊരാൾക്ക് ലോഗിൻ ചെയ്യണമെങ്കിൽ താൽക്കാലിക കോഡും ആവശ്യമാണ്. ഇതിന് ഏഴു ദിവസത്തെ കാലാവധി ഉണ്ടാവും. പുതിയ രീതി അവലംബിക്കുന്നതോടെ പരമാവധി ആളുകൾ പണം നൽകി കാണാൻ നിർബന്ധിതരാകും എന്നാണ് കമ്പനി കരുതുന്നത്.