ഒരിക്കലും ഓർമ്മയിൽ നിന്ന് മാഞ്ഞു പോകാത്ത ഒരുപിടി ഗാനങ്ങൾ അവശേഷിപ്പിച്ചാണ് ഗായിക വാണി ജയറാം യാത്രയായത്. 77 വയസ്സായിരുന്നു. രാജ്യം പത്മഭൂഭൂഷൺ ബഹുമതി പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴാണ് വാണിജയറാമിന്റെ വിയോഗം എന്നത് ദുഃഖത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. ജന്മം കൊണ്ട് മലയാളി അല്ലെങ്കിലും മലയാളികളുടെ സ്വന്തം ഗായികയായിട്ടാണ് അവരെ സ്വീകരിച്ചത്.
ഭർത്താവ് ജയറാം മരിച്ചതിനു ശേഷം കഴിഞ്ഞ മൂന്നു വർഷമായി വാണി ജയറാം തനിച്ചായിരുന്നു താമസിച്ചു കൊണ്ടിരുന്നത്. ചെന്നൈയിലെ നുംഗം പാക്കത്തെ വീട്ടിൽ ആണ് വാണി ജയറാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പതിവുപോലെ രാവിലെ 11 മണിയോടെ ജോലിക്കാരി എത്തിയപ്പോൾ വാതിൽ തുറന്നിരുന്നില്ല. എത്ര വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെ തുടർന്ന് അവർ അയൽവാസികളെയും ബന്ധുക്കളെയും വീട്ടിലേക്ക് വിളിച്ചു വരുത്തി. അവര്‍ വിളിച്ചിട്ടും യാതൊരു പ്രതികരണവും ഇല്ലാതെ വന്നതോടെ ഉടൻ പോലീസിനെ അറിയിച്ചു. പോലീസ് വാതിൽ തകർത്താണ് വീടിൻറെ അകത്തു കടന്നത്. അപ്പോള്‍ വാണി ജയറാം വീടിന്റെ അകത്തു വെറും നിലത്ത് കിടക്കുക ആയിരുന്നു. നെറ്റിയില്‍ മുറിവ് ഉണ്ടായിരുന്നു. കട്ടിലിന്റെ സമീപത്ത് ഉണ്ടായിരുന്ന ടീപ്പോയിൽ തലയിടിച്ച് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
വാണി ജയറാം മുറിയിൽ കുഴഞ്ഞു വീണ് മരിച്ചതാകാം എന്നാണ് പോലീസ് കരുതുന്നത്. നെറ്റിയിൽ ഉണ്ടായിരുന്ന മുറിവ് ടീപ്പൊയിൽ ഇടിച്ച് ഉണ്ടായതാകാം എന്നാണ് പ്രാഥമിക നിഗമനം. തമിഴ് , മലയാളം , ഹിന്ദി , തെലുങ്ക് , ബംഗാളി , കന്നഡ , ഗുജറാത്തി തുടങ്ങി 19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അപൂർവ രാഗങ്ങൾ , ശങ്കരാഭരണം , സ്വാതി കിരണം എന്നീ ചിത്രങ്ങളുടെ ഗാനങ്ങൾ ആലപിച്ചതിന് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൂടാതെ ഗുജറാത്തി, തമിഴ്നാട് , ഒഡീഷ , ആന്ധ്ര തുടങ്ങിയ സംസ്ഥാന സർക്കാരുകളുടെ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.