സിറിയയെയും തുർക്കിയെയും തകർത്ത് ഇല്ലാതാക്കിയ ഭൂകമ്പത്തെ കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന കാഴ്ചകളും വിവരങ്ങളുമാണ് ഓരോ ദിവസവും രാജ്യാന്തര മാധ്യമങ്ങളില്‍ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഈ വേദനിപ്പിക്കുന്ന കാഴ്ചകൾക്കിടയിലും മനസ്സിന് കുളിര് പകരുന്ന ഒരു വാർത്ത കഴിഞ്ഞ ദിവസം അവിടെ നിന്നും പുറത്തു വരികയുണ്ടായി. ഭൂകമ്പത്തിൽ അമ്മയും അച്ഛനും നാല് സഹോദരങ്ങളും മരണത്തിന് കീഴടങ്ങിയെങ്കിലും നവജാത ശിശു മാത്രം ആ ദുരന്തത്തെ അതിജീവിച്ചു എന്നതായിരുന്നു ആ വാര്ത്ത. പ്രതീക്ഷയുടെ തിരിനാളം പോലെ ആ വാര്ത്ത പടര്‍ന്നു പന്തലിച്ച ദുഃഖത്തിനിടയിലും ആശ്വാസത്തിന്റെ തിരി നാളമായി മാറി. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുടെ ഇടയിൽ നിന്നാണ് പൊക്കിൾകൊടി പോലും മുറിച്ചു മാറ്റാത്ത നിലയിൽ പെൺകുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കിട്ടുന്നത്. സിറിയയിലെ ജിൻഡാരിസിൽ നിന്നാണ് ഈ നവജാതശിശുവിനെ ലഭിച്ചത്. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്.
തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് കുഞ്ഞിനെ ലഭിക്കുന്നത്. കുഞ്ഞിൻറെ ശബ്ദം കേട്ട് അവശിഷ്ടങ്ങൾക്കിടയിൽ പരിശോധിച്ചപ്പോഴാണ് പുക്കിള്‍ക്കൊടി മുറിച്ചു മാറ്റാത്ത നിലയിൽ കുഞ്ഞിനെ ലഭിക്കുന്നത്. മരിച്ചു കിടക്കുന്ന അമ്മയുടെ ശരീരത്തിൽ നിന്നും പുക്കിള്‍ക്കൊടി മുറിച്ചു മാറ്റി കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. കുഞ്ഞിൻറെ ശരീരം നിറയെ മുറിവുകൾ ആയിരുന്നു. കൊടും തണുപ്പിൽ കുട്ടി വിറയ്ക്കുന്നുണ്ടായിരുന്നു. ഉടൻതന്നെ കുട്ടിയെ ഇൻക്യൂബേറ്ററിലേക്ക് മാറ്റി ഡ്രിപ്പ് നൽകി. ഇപ്പോൾ കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.