ഇന്ന് കുട്ടികള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ളതാണ് ബോംബെ മിഠായി എന്നു വിളിക്കുന്ന പഞ്ഞി മിഠായി. കരുനാഗപ്പള്ളിയിലെ പുതിയകാവില്‍ ഇത്തരത്തില്‍ ബോംബെ മിഠായി നിർമ്മാണ കേന്ദ്രത്തിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കാഴ്ചകൾ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. മിഠായിക്ക് നിറം പകരാൻ ഉപയോഗിച്ചിരുന്നത് വസ്ത്ര നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിറം ഉപയോഗിച്ച് ആയിരുന്നു.
കരുനാഗപ്പള്ളിയിലുള്ള പുതിയകാവിലെ പഞ്ഞി മിഠായി നിർമ്മിച്ചിരുന്ന സ്ഥലം പ്രവർത്തിച്ചിരുന്നത് തികച്ചും വൃത്തിയില്ലാത്ത സാഹചര്യത്തിൽ ആയിരുന്നു. ഇവിടെ പരിശോധന നടത്തിയ കേന്ദ്ര ഭക്ഷ്യ സുരക്ഷാ വിഭാഗം ഈ സ്ഥാപനം അടച്ചു പൂട്ടി. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഇവിടെ പരിശോധനയ്ക്ക് വരുമ്പോൾ കണ്ട കാഴ്ചകൾ അത്രത്തോളം വൃത്തിഹീനമായതായിരുന്നു. മിഠായി നിർമ്മിക്കുന്ന മുറിയുടെ സമീപത്ത് കൂടി കക്കൂസിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടി ഒഴുകുന്ന നിലയിലായിരുന്നു. മനം മടുപ്പ് ഉളവാക്കുന്ന സാഹചര്യത്തില്‍ ആയിരുന്നു മിഠായി നിര്‍മ്മിച്ചിരുന്നത്.
മിഠായി നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നത് വസ്ത്രങ്ങളിൽ നിറം നല്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ആയ റോഡമിൻ ഉപയോഗിച്ച് ആയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയ്ക്കും 20ലധികം അതിഥി തൊഴിലാളികൾക്കും എതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ഈ സ്ഥാപനത്തിൻറെ ഉടമ ആയ അലിയാർ കുഞ്ഞിനും കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മിഠായി വില്പനയുമായി നടന്നിരുന്ന അതിഥി തൊഴിലാളികൾക്കും എതിരെയാണ് കേസ് എടുത്തത്. 20ലധികം അതിഥി തൊഴിലാളികൾ ഇവിടെ ഉണ്ടായിരുന്നു. ഇവർ എല്ലാവരും തന്നെ താമസിച്ചിരുന്നത് 5 ചെറിയ കുടുസ് മുറികളിൽ ആയിരുന്നു.