ജീവിതത്തിൽ ഒരിക്കൽ പോലും വിദേശത്ത് പോകാത്ത മാതാപിതാക്കളുടെ മകൻറെ ജനന സർട്ടിഫിക്കറ്റിൽ ജന്മസ്ഥലമായി രേഖപ്പെടുത്തിയിരിക്കുന്നത് ലണ്ടൻ. സോണി ഡാനിയൽ എന്ന വീട്ടമ്മയാണ് മകൻറെ ജനന സർട്ടിഫിക്കറ്റിൽ അധികൃതരുടെ അശ്രദ്ധ മൂലം ഉണ്ടായ പിഴവിൽ ഇപ്പോള്‍ പ്രതിസന്ധിയിൽ ആയിരിക്കുന്നത്.
38 വർഷം മുൻപ് മലപ്പുറത്തെ പെരിന്തൽമണ്ണയിൽ ഉള്ള ഒരു വാടക വീട്ടിൽ ആണ് ഇവരുടെ ഒരേയൊരു മകനായ റോണി ജനിച്ചത്. ജനന സർട്ടിഫിക്കറ്റിൽ ജനിച്ച വർഷമായി രേഖപ്പെടുത്തിയിരിക്കുന്നത് 1 – 01 – 1985 എന്നാണ്. ജനനസ്ഥലം ആയി രേഖപ്പെടുത്തിയിരിക്കുന്നത് ലണ്ടനും. ഇതിൽ മാതാപിതാക്കളുടെ മേൽവിലാസം രേഖപ്പെടുത്തിയിട്ടില്ല. ഈ സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്തിരിക്കുന്നത് 1988 ലാണ് എന്നാണ് കാണിച്ചിട്ടുള്ളത്.
ഈ വർഷം ജനുവരിയിലാണ് സോണി പാസ്പോർട്ട് എടുക്കുന്നത്. ഇവരുടെ ഭർത്താവിന് പാസ്പോർട്ട് ലഭിക്കുന്നത് 2008ലും. പിന്നെ എങ്ങനെയാണ് മകൻ വിദേശത്ത് ജനിക്കുക എന്ന് സോണി ചോദിക്കുന്നു.
സോണിയുടെ മകന് ജോലി സംബന്ധമായ മാറ്റത്തിനു വേണ്ടി അമേരിക്കയിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് ജനന സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിച്ചത്. അപ്പോഴാണ് ജനന സർട്ടിഫിക്കറ്റിൽ ഇത്രയും വലിയ ഒരു പിഴവ് ഉണ്ടെന്ന് കണ്ടെത്തിയത്. ഇപ്പോൾ മകൻ റോണി ഖത്തറിലാണ് ഉള്ളത്.
അതേസമയം നിയമപരവും സാങ്കേതികവുമായ പല പ്രശ്നങ്ങളും ഉള്ളതിനാൽ ജനന സർട്ടിഫിക്കറ്റിലുള്ള സ്ഥലപ്പേര് തിരുത്തുന്നതിൽ ബുദ്ധിമുട്ടുണ്ട് എന്നാണ് മുൻസിപ്പാലിറ്റി അധികൃതർ പറയുന്നത്.
എത്രയും വേഗം അനുകൂലമായ തീരുമാനം അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല എങ്കിൽ ഇതിനെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് സോണിയും കുടുംബവും തീരുമാനിച്ചിരിക്കുന്നത്.