ശുദ്ധി വരുത്തുന്നതിനു വേണ്ടി പശു മൂത്രം ഉപയോഗിക്കുന്നവരുടെ നാട്ടിൽ, പശു ആലിംഗന തിട്ടൂരം ഒരു കോമഡി അല്ല, സീരിയസാണ്; അവർ മനുഷ്യരുടെ പ്രണയാലിംഗനങ്ങളെയും ചുംബനങ്ങളെയും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു; അരുണ്‍ കുമാര്‍
specialreporter
പ്രണയദിനത്തിൽ പശുക്കളെ ആലിംഗനം ചെയ്യണമെന്ന കേന്ദ്ര മൃഗസംരക്ഷണം ബോർഡിൻറെ അഭ്യർത്ഥന സമൂഹ മാധ്യമത്തിൽ വലിയ ചർച്ചയായി മാറി. ഫെബ്രുവരി 14 കൗ ഹഗ് ഡേ ആചരിക്കുന്നത് സമൂഹത്തിൽ സന്തോഷം ഉണ്ടാകുമെന്നാണ് ഈ ആഹ്വാനത്തിനു പിന്നിൽ കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് നൽകുന്ന വിശദീകരണം.
ഇന്ത്യൻ സംസ്കാരത്തിന്റെയും പ്രാദേശിക സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാന് പശു. പശുക്കളെ അമ്മയെപ്പോലെ പരിപാലിക്കുന്നത് കൊണ്ടാണ് ഗോമാതാനും കാമധേനുവെന്നും വിളിക്കുന്നതെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നു.
എന്നാൽ ഈ ഉത്തരവിനെ അങ്ങനെ ചിരിച്ചു കളയണ്ട ഒന്നല്ലെന്ന് മാധ്യമ പ്രവർത്തകനായ അരുൺകുമാർ ചൂണ്ടിക്കാട്ടുന്നു. മനുഷ്യൻ മനുഷ്യനെ പ്രണയിക്കുന്നത് തങ്ങളുടെ രാഷ്ട്രീയത്തെ തകർക്കുമെന്ന് അവർക്ക് അത്രത്തോളം ഉറപ്പുള്ളതു കൊണ്ടാണ് അവർ പശുക്കളെ ആലിംഗനം ചെയ്യാൻ പറയുന്നതെന്ന് അരുൺ കുമാർ അഭിപ്രായപ്പെട്ടു. ഡി ഹ്യൂമനൈസ് ചെയ്യാതെ ഇതുവരെ ഒരു ഫാസിസവും വിജയിച്ചിട്ടില്ല. ശുദ്ധി വരുത്തുന്നതിനു വേണ്ടി പശു മൂത്രം ഉപയോഗിക്കുന്ന നാട്ടിൽ, പശു ആലിംഗന തിട്ടൂരം അതിൽ ഒരു ശ്രമം മാത്രമാണ്. ചാണകം പൊത്തി അണുവികരണം തടയാമെന്ന് കരുതുന്നവരുടെ ഇടയിൽ, അത് ഒരു കോമഡി അല്ല. സീരിയസ് ആയ കാര്യമാണ്. പശുവിന്റെ കൊമ്പിന്റെ അടിയിൽ റേഡിയോ ഫ്രീക്കൻസി തിരയുന്ന മനുഷ്യർ ഉള്ള സമൂഹത്തിൽ, ഗോമാംസം കൊലയുടെ നീതിയാവുന്നവരുടെ ചിന്തയിൽ പശു ആലിംഗനദിന ഉത്തരവ് ഒരു കോമഡി അല്ല വളരെ സീരിയസ് ആയ കാര്യമാണെന്ന് അരുൺ പറയുന്നു. അവർ മനുഷ്യരുടെ പ്രണയാലിംഗനങ്ങളെയും ചുംബനങ്ങളെയും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇതെന്ന് അരുൺ ചൂണ്ടിക്കാട്ടുന്നു. പ്രണയം ധീരമാണെന്നും വിപ്ലവമാണെന്നും പറഞ്ഞത് തിരുനല്ലൂർ കരുണാകരനാണ് എന്ന് പറഞ്ഞുകൊണ്ടാണ് അരുൺ തൻറെ കുറുപ്പ് അവസാനിപ്പിക്കുന്നത്.