പോലീസ് ഉദ്യോഗസ്ഥർക്ക് സമൂഹ മാധ്യമത്തിൽ നിയന്ത്രണം ഏർപ്പെടുത്തി; ഇനി മുതല്‍ യൂണിഫോം ധരിച്ചുകൊണ്ടുള്ള റീൽസ് വേണ്ട; സോഷ്യൽ മീഡിയയിൽ നിന്നും അകലം പാലിക്കണം

പോലീസ് ഉദ്യോഗസ്ഥർക്ക് സമൂഹ മാധ്യമത്തിൽ നിയന്ത്രണം ഏർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. പോലീസ് യൂണിഫോമിൽ വീഡിയോകൾ ചിത്രീകരിക്കുന്നതിനെ എതിര്‍ത്തു കൊണ്ടുള്ള സർക്കുലര്‍ ആണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. കൂടാതെ ഇന്റലിജൻസ് വിഭാഗത്തിൽ പെടുന്ന ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയയിൽ നിന്നും അകലം പാലിക്കണമെന്നും പുതിയ ഉത്തരവിൽ പറയുന്നു. പുതിയ ഉത്തരവനുസരിച്ച് രാഷ്ട്രീയ പാർട്ടികളെ കുറിച്ചോ സർക്കാർ തീരുമാനങ്ങളെ കുറിച്ചോ സമൂഹ മാധ്യമത്തിൽ അഭിപ്രായം പറയുന്നതിനു പോലീസ് ഉദ്യോഗസ്ഥർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥർ ആക്ഷേപകരമായ അഭിപ്രായം രേഖപ്പെടുത്തുകയാണെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുന്നു.

പോലീസ് ഉദ്യോഗസ്ഥർക്ക് സമൂഹ മാധ്യമത്തിൽ നിയന്ത്രണം ഏർപ്പെടുത്തി; ഇനി മുതല്‍ യൂണിഫോം ധരിച്ചുകൊണ്ടുള്ള റീൽസ് വേണ്ട; സോഷ്യൽ മീഡിയയിൽ നിന്നും അകലം പാലിക്കണം 1

ഡ്യൂട്ടിക്ക് ശേഷവും സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്ന തരത്തിലുള്ള എന്തെങ്കിലും വീഡിയോകൾ , പോസ്റ്റുകൾ എന്നിവ അപ്‌ലോഡ് ചെയ്യുന്നതിൽ നിന്നും പോലീസ് ഉദ്യോഗസ്ഥർക്ക് വിലക്കുണ്ട്. ഏതെങ്കിലും തരത്തിലുള്ള പ്രഭാഷണങ്ങൾക്കോ , കോച്ചിംഗ് ക്ലാസുകൾക്കോ , സോഷ്യൽ മീഡിയയിൽ ലൈവ് പോകുന്നതിനോ, വെബിനാറുകൾ സംഘടിപ്പിക്കുന്നതിനോ മുതിര്‍ന്ന ഉദ്യോഗസ്ഥരിൽ നിന്നും മുൻകൂർ അനുമതി വാങ്ങണം. സംസ്ഥാന പോലീസ് മേധാവി ഡി എസ് ചൗഹാനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ഉദ്യോഗസ്ഥർ സർക്കാരിൽ നിന്നും അനുമതി വാങ്ങാതെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് പണം സ്വീകരിക്കാൻ പാടുള്ളതല്ല. സംസ്ഥാന പോലീസിന്റെ അന്തസ്സിന് കളങ്കം വരുത്തുന്ന ഒരു സമീപനവും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ല. വകുപ്പിനെ മോശക്കാരാക്കുന്ന തരത്തിലുള്ള പോസ്റ്റോ ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കിടാൻ അനുവദിക്കില്ല. വ്യക്തിപരമായ രാഷ്ട്രീയം പ്രകടിപ്പിക്കാനുള്ള അധികാരം പോലീസ് ഉദ്യോഗസ്ഥർക്ക് ഇല്ല എന്നും പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമായി പറയുന്നുണ്ട്.

Exit mobile version