അർദ്ധരാത്രി വീട്ടിൽ വിരുന്നിനെത്തിയത് മയിലമ്മയും മക്കളും; ആരുടെയും അനുവാദത്തിന് കാത്തു നിൽക്കാതെ അവര്‍ വീട്ടിനകത്തു കയറി ഇരുപ്പുറപ്പിച്ചു; സംഭവം ഇങ്ങനെ

അർദ്ധരാത്രി വീട്ടിൽ കടന്നു വന്ന വിരുന്നുകാരെ കണ്ട് അക്ഷരാർത്ഥത്തിൽ വീട്ടുകാർ ഞെട്ടി. മയിലമ്മയും 5 കുഞ്ഞുങ്ങളുമായിരുന്നു രാമൻകുളങ്ങര വരമ്പേ ജംഗ്ഷനിൽ വടക്കേതിൽ രാജൻ പിള്ളയുടെ വീട്ടിൽ അർദ്ധ രാത്രി വിരുന്നിനെത്തിയത്. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് മൈലമ്മയും മക്കളും വീട്ടിലെത്തിയത്. അപ്പോൾ വീട്ടിൽ രാജൻ പിള്ളയും ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവമായിരുന്നതിനാൽ മകനും മരുമകളും അവിടെയായിരുന്നു.

അർദ്ധരാത്രി വീട്ടിൽ വിരുന്നിനെത്തിയത് മയിലമ്മയും മക്കളും; ആരുടെയും അനുവാദത്തിന് കാത്തു നിൽക്കാതെ അവര്‍ വീട്ടിനകത്തു കയറി ഇരുപ്പുറപ്പിച്ചു; സംഭവം ഇങ്ങനെ 1

പെട്ടെന്ന് ഒരു നിമിഷം മൈലമ്മയും കുഞ്ഞുങ്ങളും വീടിൻറെ മുറ്റത്ത് പറന്നിറങ്ങിയപ്പോൾ രാജൻ പിള്ളയും ഭാര്യയും ഒന്ന് അമ്പരന്നു. പിന്നീട് ആരുടെയും അനുവാദത്തിന് കാത്തു നിൽക്കാതെ അവർ രാജൻ പിള്ളയുടെ വീട്ടിനകത്തേക്ക് കയറി. വീടിന്റെ അകം മുഴുവൻ ചുറ്റി കറങ്ങി നടന്നതിനു ശേഷം കിടപ്പുമുറിയിൽ ഉള്ള കട്ടിൽ കയറി ഇരുപ്പ് ഉറപ്പിച്ചു. ആകെ അംഗലാപ്പിൽ ആയ രാജൻ പിള്ള ഉടൻതന്നെ വിവരം വിളിച്ചു മകനെ അറിയിച്ചു. എത്രയൊക്കെ ശ്രമിച്ചിട്ടും മൈലമ്മയും മക്കളും വീടിന് പുറത്തിറങ്ങാൻ തയ്യാറായില്ല.

നാട്ടിൽ ഉത്സവം നടക്കുന്നതിനാൽ മകനും മരുമകളും വീട്ടിലെത്താൻ പിന്നെയും വൈകി. പിന്നീട് രാജൻ പിള്ള കുറച്ച് കടല മയിലിന് കഴിക്കാൻ നൽകിയെങ്കിലും അതൊന്നും ശാപ്പിടാൻ ആള് തയ്യാറായില്ല. അമ്മയും മക്കളും കട്ടിലിൽ ഒറ്റ ഇരിപ്പായിരുന്നു. മയില് ദേശീയ പക്ഷി ആയതുകൊണ്ടു തന്നെ എന്തെങ്കിലും സംഭവിച്ചാൽ താൻ കുടുങ്ങും എന്ന് അറിയാമായിരുന്ന രാജൻ പിള്ള ഒടുവില്‍  സംഭവം വനം വകുപ്പ് അധികൃതരെ അറിയിച്ചു. പുലർച്ചെ രണ്ടു മണിയോടെ വനപാലകർ എത്തി മയിലിനെയും കുഞ്ഞുങ്ങളെയും പിടികൂടി കൊണ്ടുപോയി. സമീപപ്രദേശത്തുള്ള മറ്റെന്തെങ്കിലും ജീവികൾ മയിലമ്മയെയും കുഞ്ഞുങ്ങളെയും ആക്രമിക്കാൻ ശ്രമിച്ചതാകാം വീട്ടിനുള്ളിൽ കയറി ഇരുപ്പുറപ്പിച്ചതിന് കാരണമെന്ന് വനപാലകർ അറിയിച്ചു.

Exit mobile version