ഇന്ന് ഇന്ത്യക്ക് അകത്തും പുറത്തും നിരവധി ആരാധകരുള്ള ഗായകനാണ് കൈലാഷ് ഖേർ. ഹിന്ദിയിൽ മാത്രമല്ല വിവിധ ഭാഷകളിൽ നിരവധി ഗാനങ്ങൾ അദ്ദേഹം ആപിച്ചിട്ടുണ്ട്. എന്നാൽ ഈ നിലയിൽ എത്തുന്നത് മുന്‍പ് അദ്ദേഹം പിന്നിട്ട വഴികൾ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ജീവിതത്തിൻറെ ഒരു ഘട്ടത്തിൽ എല്ലാം അവസാനിപ്പിച്ചാലോ എന്ന് പോലും അദ്ദേഹം ചിന്തിച്ചിരുന്നു. അത്രത്തോളം ദുർഘടമായ വഴിയിലൂടെയായിരുന്നു അദ്ദേഹത്തിൻറെ ഒരുകാലത്തെ ജീവിതം. സംഗീത മേഖലയിലേക്ക് എത്തുന്നതിന് എന്തെല്ലാം സഹിക്കേണ്ടി വന്നു എന്ന് ഒരു പ്രമുഖ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.
ഒരു നേരത്തെ ആഹാരത്തിനു വേണ്ടി പല ജോലികളും ചെയ്തിട്ടുണ്ട് എന്ന് കൈലാഷ് ഖേർ പറയുന്നു. 20 വയസ്സുള്ളപ്പോൾ ഡൽഹിയിൽ ഒരു എക്സ്പോർട്ടിങ് ബിസിനസ് ചെയ്തിരുന്നു. ജർമ്മനിയിലേക്ക് കരകൗശല വസ്തുക്കൾ കയറ്റി അയക്കുന്നത് ആയിരുന്നു ജോലി. എന്നാൽ പെട്ടെന്ന് ആ ബിസിനസ് തകർന്നു. ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങൾ തലപൊക്കി. ജീവിതം കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങി. ഇതോടെ പണ്ഡിറ്റ് ആവുന്നതിനു വേണ്ടി ഋഷികേശിലേക്ക് യാത്ര തിരിച്ചു. അവിടെയും ദുരിത പൂർണ്ണമായ ജീവിതം ആയിരുന്നു. എല്ലാം പദ്ധതികളും തകിടം മറിഞ്ഞു. ഒന്നും ശരിയാകാതെ വന്നപ്പോൾ ആത്മഹത്യ ചെയ്യാം എന്ന് തീരുമാനിച്ചു. ഗംഗാ നദിയിലേക്ക് ചാടി ജീവനൊടെക്കാൻ ശ്രമിച്ചു. അപ്പോൾ ഘാട്ടിൽ ഉണ്ടായിരുന്ന ഒരാൾ ആണ് കൈലാസനെ രക്ഷപ്പെടുത്തിയത്. നീന്തലറിയാതെ എന്തിനാണ് നദിയിലേക്ക് എടുത്തു ചാടിയത് എന്ന് അയാൾ ചോദിച്ചു. മരിക്കാൻ വേണ്ടിയാണ് എന്ന് മറുപടി നല്കി. ഇത് കേട്ട അയാള്‍ കൈലാഷിന്റെ തലയിൽ ശക്തിയായി അടിച്ചു. പിന്നീട് പല വഴികളിലൂടെയും സഞ്ചരിച്ചാണ് ഇന്നത്തെ ലോകം അറിയപ്പെടുന്ന ഗായകനായി കൈലാഷ് മാറിയത്.
കഴിഞ്ഞ 20 വർഷത്തിലധികമായി അദ്ദേഹം ഇന്ത്യൻ ചലച്ചിത്ര സംഗീത രംഗത്ത് സജീവമാണ്. നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിൻറെതായി ഉണ്ട്. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും അദ്ദേഹം സജീവമാണ്.