തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിൽ നാശനഷ്ടങ്ങളുടെ ഇടയിൽ കുടുങ്ങിക്കിടന്ന കുട്ടിയെ രക്ഷപ്പെടുത്തിയ വാർത്ത ലോക മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ ആണ് നൽകിയത്. മാതാപിതാക്കളും സഹോദരങ്ങളും ഉൾപ്പെടെ മരണപ്പെട്ടപ്പോഴും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുടെ അടിയിൽ കുടുങ്ങിക്കിടന്ന കുട്ടിയെ പൊക്കിൾക്കൊടി മുറിച്ചു മാറ്റിയാണ് അമ്മാവൻ ഉള്‍പ്പെടുന്ന രക്ഷാ സംഘം രക്ഷപ്പെടുത്തിയത്. ശരീരത്ത് ആകമാനം നിരവധി മുറിവുകളോടെ ആശുപത്രിയിലേക്ക് മാറ്റിയ നിലയില്‍ ആയിരുന്നു അപ്പോള്‍ കുട്ടി. ആശുപത്രി അധികൃതരുടെ ശ്രമഫലമായി കുട്ടി അപകട നില തരണം ചെയ്തു. അറബിയിൽ അത്ഭുതം എന്ന് അർത്ഥം വരുന്ന അയ എന്ന പേരാണ് കുട്ടിക്ക് നൽകിയിരിക്കുന്നത്.
തിങ്കളാഴ്ച റിക്ടർ സ്കെയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കുഞ്ഞിൻറെ അച്ഛനും അമ്മയും സഹോദരങ്ങളും മരണപ്പെട്ടിരുന്നു. അത്ഭുതകരമായാണ് അയ ഈ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഭൂചലനത്തിൽപ്പെട്ടു അനാഥരായ നിരവധി കുട്ടികളിൽ ഒരാളാണ് അയ. തണുപ്പിൽ വിറച്ചു മൃത പ്രാണനായി കിടന്നിരുന്ന കുട്ടിക്ക് ശ്വസിക്കാൻ പോലും കഴിയുമായിരുന്നില്ല. ഹൈപ്പോത്തെര്‍മിയയുമായാണ് കുട്ടി ആശുപത്രിയിൽ എത്തിയത്. കുഞ്ഞിന് ചൂട് നൽകിയതിനു ശേഷം കാൽസ്യം നൽകി. ആശുപത്രിയിലെ ഒരു ഡോക്ടറുടെ ഭാര്യ തന്റെ കുട്ടിക്ക് മുലപ്പാൽ നൽകുന്നതിന്റെ ഒപ്പം ഈ കുട്ടിക്കും മുലപ്പാൽ നൽകി.
കുടുംബത്തെ നഷ്ടപ്പെട്ട കുട്ടിക്ക് പുതിയ കുടുംബവും ലഭിച്ചു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിനു ശേഷം കുട്ടിയെ പിതാവിൻറെ അമ്മാവൻ തൻറെ വീട്ടിലേക്ക് കൊണ്ടു പോവുക ആയിരുന്നു. അയയുടെ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരുന്നു. കുഞ്ഞിനെ ദത്തെടുക്കാന്‍ ആയിരക്കണക്കിന് പേരാണ് സമ്മതം അറിയിച്ച് മുന്നോട്ട് വന്നത്.