മക്കൾക്ക് വിവാഹപ്രായം എത്തി എന്ന് തോന്നിയാൽ എത്രയും വേഗം അവരെക്കൊണ്ടു വിവാഹം കഴിപ്പിക്കാൻ എല്ലാ മാതാപിതാക്കളും നിർബന്ധിക്കാറുണ്ട്. അത് ഒരു നാട്ടു നടപ്പാണ്. മാതാപിതാക്കളുടെ നിർബന്ധം സഹിക്കാനാവാതെ മക്കൾ വിവാഹത്തിനു തയ്യാറാവുകയും ചെയ്യും. എന്നാൽ ഇനി പറയാൻ പോകുന്നത് മകൻ വിവാഹം കഴിക്കാത്തതു കൊണ്ടും വീട്ടിലേക്ക് ഒരു പെൺകുട്ടിയെ കൂട്ടിക്കൊണ്ടു വരാത്തതുകൊണ്ടും ആശങ്കപ്പെടുന്ന ഒരു അമ്മയെ കുറിച്ചുള്ള കഥയാണ്. എന്നാൽ ഡോക്ടറെ കാണാൻ എത്തിയപ്പോഴാണ് സംഭവം കീഴ്മേൽ മറിയുന്നത്.
ഈ വാർത്ത പുറത്തു വന്നത് ചൈനയിൽ നിന്നാണ്. ഇവിടെ ഒരു സ്ത്രീ തന്റെ 38 വയസ്സ് പ്രായമുള്ള മകൻ വിവാഹം കഴിക്കാത്തതിൽ ആകെ വിഷമത്തിൽ ആയിരുന്നു. പല തവണ പറഞ്ഞിട്ടും മകൻ അതിന് തയ്യാറായില്ല. ഇതോടെ ഇത് പരിശോധിക്കുന്നതിന് വേണ്ടി മകനെ ഒരു മാനസിക രോഗ ആശുപത്രിയിൽ കൊണ്ടുപോകാൻ അവർ തീരുമാനിച്ചു. കഴിഞ്ഞ രണ്ടു വർഷത്തോളമായി ഈ മാതാവ് മകനെയും കൊണ്ട് മാനസിക രോഗ ആശുപത്രിയിൽ പരിശോധനയ്ക്ക് പോകാറുണ്ട്. ഈ അമ്മ കരുതിയിരുന്നത് മകന് എന്തോ ഒരു കുഴപ്പമുണ്ട് എന്നാണ്. അതുകൊണ്ടാണ് പെൺ സുഹൃത്തുക്കളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാത്തതും വിവാഹം കഴിക്കാത്തതും എന്നായിരുന്നു ആ അമ്മ ചിന്തിച്ച് വച്ചിരുന്നത്.
എല്ലാ വർഷവും പതിവായി അമ്മ മകനെയും കൂട്ടി മനശാസ്ത്ര ആശുപത്രിയിൽ പോകുന്നത് മകനെ കൗൺസിലിങ്ങിന് വിധേയമാക്കി വിവാഹത്തിന് സമ്മതിപ്പിക്കാനാണ്. എന്നാൽ ഇത്തവണ ആശുപത്രിയിൽ എത്തിയപ്പോള്‍ മനശാസ്ത്രജ്ഞൻ പറഞ്ഞത് മകന് ഒരു കുഴപ്പവും ഇല്ലെന്നും അമ്മയ്ക്കാണ് പ്രശ്നം എന്നുമാണ്. മകനെ വിവാഹം കഴിക്കാൻ നിർബന്ധിക്കുക എന്ന മാനസിക വിഭ്രാന്തി അമ്മയെ ബാധിച്ചു എന്ന് ഡോക്ടർ പറയുന്നു. മകൻ വിവാഹം കഴിക്കാത്തത് മൂലം അമ്മയ്ക്ക് ഉറങ്ങാൻ കഴിയുന്നില്ല, ഇവരുടെ മാനസിക ആരോഗ്യം ആകെ താറുമാറായി.
മകൻ പറയുന്നത് തനിക്ക് യോജിച്ച ഒരു പങ്കാളിയെ കിട്ടാത്തത് കൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്നാണ്. അത് ഒരിക്കലും ഒരു കുറ്റമല്ല. എന്നാൽ അനാവശ്യമായ ചിന്തകൾ ഉടലെടുത്ത് അമ്മയുടെ മാനസിക ആരോഗ്യം വല്ലാതെ തകർന്നു പോയിരുന്നു. ഒടുവിൽ ഡോക്ടർ അമ്മയ്ക്ക് കൗൺസിലിംഗ് നൽകി വിട്ടയക്കുകയായിരുന്നു.