തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി ഷെരീഫ് ജോർജിന്റെ വീട്ടിലെ ഗ്രേറ്റ് ഡെയിന്‍ ഇനത്തിൽപ്പെട്ട വളർത്തുന്ന ബാഷയെ ഇന്ന് ആര് കണ്ടാലും ഒന്ന് നോക്കും. അത്ര ഗാംഭീര്യത്തോടെയാണ് അവൻ ആ വീടിൻറെ മുറ്റത്ത് നിൽക്കുന്നത്. എന്നാൽ ഇന്ന് ആരും നോക്കി നിന്നു പോകുന്ന ബാഷയ്ക്ക് ഒരു പൂർവ്വ കാലമുണ്ട്. ദുരിതം പേറിയ ഒരു കാലം.
ഒരു വർഷം മുൻപ് കഴക്കൂട്ടം കോവളം ബൈപ്പാസ് റോഡിലെ കല്ലുവെട്ടാൻ കുഴിയിൽ വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ട് ഉടമസ്ഥൻ ഉപേക്ഷിച്ചു പോകുമ്പോൾ ഇത് ആയിരുന്നില്ല ബാഷയുടെ അവസ്ഥ. ആഹാരമില്ലാതെ അവൻറെ ശരീരം ഒട്ടി എല്ലുകൾ പുറത്തേക്ക് ഉന്തിയ നിലയിലായിരുന്നു. ഏതു നിമിഷം വേണമെങ്കിലും ജീവൻ നഷ്ടപ്പെട്ടേക്കാം എന്ന അവസ്ഥയിലായിരുന്നു അവന്‍. ബാഷയെ കണ്ട ഷരീഫ് പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. ഒപ്പം കൂട്ടി.
ആദ്യം തന്നെ അവനെ ഒരു മൃഗഡോക്ടറെ കാണിച്ചു. വിശദമായി പരിശോധിച്ചതിന് ശേഷം അവന് വേണ്ട മരുന്നുകളും മറ്റും വാങ്ങി. ശേഷം വീട്ടിലേക്ക് കൊണ്ട് വന്നു. പതിയെപ്പതിയെ അവൻ ആഹാരം കഴിച്ചു തുടങ്ങി. പ്രോട്ടീന് കലർന്ന ഭക്ഷണം ധാരാളം നൽകി. അവൻ ആരോഗ്യ സ്ഥിതി വീണ്ടെടുത്തു. ഇന്ന് ബാഷ ആരോഗ്യവാനാണ്. അവന് ഷെരീഫ് തന്നെയാണ് ബാഷ എന്ന് പേരിട്ടത്. ബാഷ എന്ന് വിളിക്കുമ്പോൾ അവൻ ഓടിയെത്തും. ശരീരത്ത് ചാടിക്കയറി തൻറെ സ്നേഹം പ്രകടിപ്പിക്കും. എല്ലാ ദിവസവും ശരീഫ് അവനെ പ്രഭാത സവാരിക്ക് കൊണ്ടു പോകാറുണ്ട്. ഇത്രയും വലുപ്പമുണ്ടെങ്കിലും ആള് ഒട്ടും ആക്രമണ കാരിയല്ല. അതുകൊണ്ടുതന്നെ നാട്ടുകാർക്കും ബാഷ പ്രിയങ്കരനാണ്.