ഇൻസ്റ്റൻറ് മണി ആപ്പുകൾ ഇന്ന് സർവ്വസാധാരണമാണ്. വെറും മൂന്ന് സ്റ്റെപ്പിനുള്ളിൽ നിങ്ങൾക്ക് പണം ലഭിക്കും എന്ന ഓഫറുമായി വരുന്ന ആപ്ലിക്കേഷനുകളില്‍ പലതും വലിയ ചതിക്കുഴികൾ ഒരുക്കി വെച്ചിട്ടുണ്ടാകും എന്നതാണ് വാസ്തവം. നിരവധി പേരുടെ ജീവിതമാണ് ഇതിലൂടെ തകർന്നത്. ഈ കെണിയില്‍ നിന്നും ഏറെ പണിപ്പെട്ടു രക്ഷപ്പെട്ട കോട്ടയം സ്വദേശിനി ആത്മഹത്യയുടെ വക്കില്‍ നിന്നുമാണ് ജീവിതം തിരികെപ്പിടിച്ചത്.
ദത്ത പേ , സ്മാർട്ട് കോയിൽ തുടങ്ങിയ ഇൻസ്റ്റന്റ് മണി ആപ്പുകൾ വഴി മൂന്ന് തവണകളായി 15,000 രൂപയാണ് കോട്ടയം പാമ്പാടി സ്വദേശിനി ലോണെടുത്തത്. എടുത്ത തുക കൃത്യമായി തിരിച്ച് അടക്കുകയും ചെയ്തു. പണം തിരികെ അടച്ചു എന്ന സമാധാനത്തിൽ ഇരിക്കുന്നതിനിടയാണ് പണം അടയ്ക്കാനായി വീണ്ടും വീണ്ടും മെസ്സേജുകൾ വന്നു തുടങ്ങിയത്. ഇതോടെ യുവതി ആകെ അങ്കലാപ്പിലായി.
ഇവര്‍ പണം അടച്ചതിന്റെ സ്ക്രീൻഷോട്ട് എടുത്ത് വച്ചിരുന്നു. ഒരു നമ്പറിൽ നിന്നും പണം അടയ്ക്കാൻ നിരന്തരം സന്ദേശം വന്നതോടെ അവർക്ക് സ്ക്രീൻഷോട്ട് കാണിച്ചു കൊടുത്തു. എന്നാൽ അത് സമ്മതിക്കാൻ അവർ തയ്യാറായില്ല. പണം അടച്ചില്ലെങ്കിൽ പണി കിട്ടും എന്നായി പിന്നിലുള്ള സന്ദേശം. തുടർന്ന് ഭീഷണികൾ പതിവായി.
ആദ്യം എസ്എംഎസ് ആയിരുന്നു വന്നിരുന്നത് എങ്കിൽ പിന്നീട് ഡയറക്ട് ഫോൺ കോളുകൾ മുഖേന ഭീഷണിപ്പെടുത്തൽ ആരംഭിച്ചു. പിന്നീട് യുവതിയുടെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവർക്ക് ഇവരുടെ ചിത്രം ചേർത്ത് അശ്ലീല സന്ദേശങ്ങള്‍ അയച്ചു തുടങ്ങി. വല്ലാത്ത പ്രതിസന്ധിയിലൂടെയാണ് താൻ കടന്നുപോയതെന്ന് യുവതി പറയുന്നു.
നിലവിൽ എഴുപതിനായിരം രൂപയിൽ അധികം ഇവർക്ക് നഷ്ടപ്പെട്ടു. അനുഭവിച്ച മാനസിക സമ്മർദ്ദം വളരെ വലുതായിരുന്നു. ഏറെ പ്രിയാസ്സപ്പെട്ടതാണ് ആത്മഹത്യയുടെ വക്കിൽ നിന്നും ഇവര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നത്.
നിരവധി പേർക്ക് ഇത്തരത്തിൽ ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ മുഖേന ധനനഷ്ടം നേരിട്ടിട്ടുണ്ട്. പലരും ആത്മാഭിമാനത്തെ ഭയന്ന് പുറത്ത് പറയാതിരിക്കുന്നതാണ്. ഇൻസ്റ്റൻറ് ലോൺ ആപ്പുകളിൽ നിന്നും പണം എടുക്കുന്നവർ വളരെയധികം ശ്രദ്ധിക്കണം. ഓൺലൈൻ മുഖേനയുള്ള ഇടപാടുകൾ ആയതുകൊണ്ട് തന്നെ തട്ടിപ്പുകാരെ കണ്ടെത്തുക അത്ര എളുപ്പമല്ല.