കൊച്ചി നഗരത്തിൽ മദ്യപിച്ച് വാഹനം ഓടിച്ച 26 ഡ്രൈവർമാരെ പോലീസ് പിടികൂടി. ഇവരുടെ വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. പോലീസ് പിടികൂടിയവരില്‍ നാലു പേർ സ്കൂൾ ബസ് ഡ്രൈവർമാരും രണ്ടുപേർ കെഎസ്ആർടിസി ബസ് ഡ്രൈവർമാരുമാണ്. നിയമ ലംഘനത്തിന് പിടികൂടിയ ഡ്രൈവർമാർക്ക് ശിക്ഷയായി ഇനി മേലിൽ മദ്യപിച്ച് വാഹനം ഓടിക്കില്ല എന്ന് ആയിരം വട്ടം ഇമ്പോസിഷൻ എഴുതിപ്പിച്ചു.
കൊച്ചി നഗരത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് മദ്യപിച്ച് വാഹനം ഓടിച്ച 26 ഡ്രൈവർമാരെ പോലീസ് പിടികൂടിയത്. ഇവരിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർമാരും സ്കൂൾ ബസ് ഡ്രൈവർമാരും ഉൾപ്പെട്ടത് പോലീസുകാരെ പോലും ഞെട്ടിച്ചു കളഞ്ഞു. പിടികൂടിയ നാല് സ്കൂൾ ബസ്സ് ഡ്രൈവർമാരിൽ ഒരാൾ കാല് പോലും നിലത്തു ഉറപ്പിച്ചു നിൽക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. കസ്റ്റഡിയിൽ എടുത്ത ഡ്രൈവർമാരുടെ ഒപ്പം വാഹനങ്ങളും പിടിച്ചെടുത്തു.
സ്കൂൾ കുട്ടികളെ പോലീസ് തന്നെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതരിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് പോലീസ്. റോഡിൽ അപകടം നിത്യ സംഭവം ആയതോടെയാണ് നിയമം കർക്കശമാക്കി പോലീസ് രംഗത്ത് വന്നത്. സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടതുമായി ബന്ധപ്പെട്ടു പോലീസ് നിയന്ത്രണം കർശനമാക്കിയിരിക്കുകയാണ്. റോഡിൽ മറ്റൊരു ജീവൻ കൂടി നഷ്ടപ്പെടാതിരിക്കാൻ വേണ്ട മുൻകരുതൽ നടപടിയെടുക്കണം എന്ന് ഹൈക്കോടതി തന്നെ പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് ഏറെ ജാഗരൂകരാണ്. ഗതാഗത നിയമം ലംഘിക്കുന്നവരെക്കുറിച്ച് പൊതുജനങ്ങൾക്ക് നേരിട്ട് പരാതിപ്പെടുന്നതിനുള്ള മൊബൈൽ നമ്പർ എല്ലാ സ്വകാര്യ ബസുകളിലും പതിപ്പിക്കാൻ തയ്യാറെടുക്കുകയാണ് പോലീസ്.