കെ ഡി കൊമ്പമ്മ എന്ന് പേരു കേട്ടാൽ ഒരുപക്ഷേ അധികമാർക്കും അറിയണമെന്നില്ല എങ്കിലും സൈനൈഡ് മല്ലിക എന്ന് കേട്ടാൽ അറിയാത്തവർ ചുരുക്കമാണ്. ഇന്ത്യയിലെ ആദ്യത്തെ വനിതാ സീരിയൽ കില്ലറാണ് സൈനൈഡ് മല്ലിക.
കൊമ്പമ്മ സൈനൈഡ് മല്ലിക ആകുന്നതിന് മുന്‍പ് ബാംഗ്ലൂരിന്റെ പ്രാന്ത പ്രദേശമായ കഗാലിപ്പുര എന്ന ഗ്രാമത്തിലായിരുന്നു താമസ്സിച്ചിരുന്നത്. അവിടെ ഒരു തയ്യൽക്കാരനെ വിവാഹം ചെയ്തു സാധാരണ കുടുംബ ജീവിതം നയിച്ചു വരികയായിരുന്നു കൊമ്പമ്മ. അന്ന് അവർ സ്വന്തമായി ഒരു ചെറിയ ചിട്ടി ഫണ്ട് നടത്തി വന്നിരുന്നു. എന്നാൽ ചിട്ടി ബിസിനസ് പ്രതീക്ഷിച്ച ലാഭം ഉണ്ടായില്ല എന്ന് മാത്രമല്ല അവർക്ക് താങ്ങാവുന്നതിലും അപ്പുറം വലിയ നഷ്ടം സംഭവിക്കുകയും ചെയ്തു. അതോടെ ഇവരെ ഭർത്താവ് ഉപേക്ഷിച്ചു. ഇവർ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു. ഇതോടെ ടൌണില്‍ എത്തിയ ഇവര്‍ പല വീടുകളിലും വീട്ടു ജോലിക്കാരിയായി കഴിഞ്ഞു കൂടി. ആ സമയത്താണ് ചെറിയ രീതിയിലുള്ള മോഷണങ്ങൾ തുടങ്ങുന്നത്. മോഷണത്തിൽ നിന്നുമാണ് വലിയ കൊലപാതങ്ങളിലേക്ക് ഇവർ എത്തപ്പെടുന്നത്.
ക്ഷേത്രത്തിൽ പതിവായി എത്തുന്ന സ്ത്രീകളെയാണ് ഇവർ പ്രധാനമായും നോട്ടമിടുന്നത്. ക്ഷേത്രത്തിൽ സ്ഥിരമായി എത്തുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്ന ഇവർ പിന്നീട് ദോഷപരിഹാരത്തിന് ചില പൂജകൾ നിർദ്ദേശിക്കും. ഇത് കേൾക്കുന്ന സ്ത്രീകൾ പൂജ നടത്താൻ തയ്യാറാകും. പൂജയ്ക്ക് പ്രത്യേക സ്ഥലം നിശ്ചയിച്ച് അവിടേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെ വച്ച് വെള്ളത്തിൽ സൈനൈഡ് കലക്കി നല്കി കൊലപ്പെടുത്തുകയുമാണ് ചെയ്യുന്നത്. മരണപ്പെട്ട സ്ത്രീകളുടെ കൈവശമുള്ള വസ്തുക്കൾ മോഷ്ടിച്ച് കടന്നു കളയുന്നതാണ് ഇവരുടെ രീതി. പിന്നീട് അടുത്ത ഇരിക്ക് വേണ്ടി കാത്തിരിക്കും.
ഇത്തരത്തിൽ അഞ്ച് സ്ത്രീകളെയാണ് കൊമ്പമ്മ കൊന്നത്. ഒരു സ്ത്രീയെ കൊന്ന് അവരുടെ ആഭരണങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പോലീസ് പിടിയിലാകുന്നത്. താൻ കൊല നടത്തുന്നത് മോഷണത്തിനു വേണ്ടിയാണ് എന്ന് മല്ലിക പറയുന്നു. ഇപ്പോൾ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുകയാണ് ഇവർ.