ചീയമ്പം പള്ളിപ്പടി സ്വദേശിയായ 34 കാരൻ മണികണ്ഠൻ നാട്ടുകാരുടെ പ്രിയപ്പെട്ടവരാണ്. ആർക്കും എന്ത് സഹായം ചെയ്യുന്നതിനും മണികണ്ഠനു ഒരു മടിയുമില്ല. അത് ഏതു പാതിരാത്രി ആണെങ്കിൽ പോലും സഹായിക്കാൻ മണികണ്ഠൻ റെഡിയാണ്. ഡിവൈഎഫ്ഐയുടെ ഇരുളം മേഖല സെക്രട്ടറിയായ മണികണ്ഠൻ സംഘടനയുടെ ഭാഗമായി നടന്ന ക്യാമ്പുകളിൽ വച്ചാണ് അവയവ ദാനത്തെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. അന്ന് തന്നെ അദ്ദേഹം അവയവ ദാനത്തിനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകി. കഴിഞ്ഞ ആഴ്ച്ചയാണ് തീര്‍ത്തും അപരിചിതയായ സ്ത്രീയ്ക്ക് മണികണ്ഠന്‍ വൃക്ക ദാനം ചെയ്തത്.
ജീവിതത്തിൽ നാളെ എന്ത് സംഭവിക്കും എന്ന് ആർക്കും പറയാൻ കഴിയില്ല, ഉള്ള സമയം മറ്റുള്ളവർക്ക് എന്തെങ്കിലും സഹായം ചെയ്തു കൊടുക്കാൻ കഴിയുന്നതിന്റെ പരമാവധി ചെയ്യുക. ഒരു വൃക്ക ദാനം ചെയ്താലും ഒന്നു മതിയല്ലോ തനിക്ക് ജീവിക്കാൻ, വൃക്ക ദാനം ചെയ്തതിനെ കുറിച്ച് ചോദിച്ചപ്പോൾ മണികണ്ഠൻ നൽകിയ മറുപടിയാണ് ഇത്. വൃക്കയുടെ 60 ശതമാനം മാത്രമാണ് 90 വയസ്സ് വരെ ഒരു മനുഷ്യൻ ഉപയോഗിക്കാറുള്ളത്. അവയവദാനത്തെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതുകൊണ്ടാണ് പലരും ഇതിന് മടിക്കുന്നത്. നമ്മളെക്കൊണ്ട് ഒരു മനുഷ്യനു ജീവിതം നൽകാനും ഒരു കുടുംബത്തിലേക്ക് സന്തോഷം നൽകാനും കഴിയുന്നുവെങ്കിൽ അതല്ലേ ഏറ്റവും വലിയ നേട്ടമെന്ന് മണികണ്ഠൻ ചോദിക്കുന്നു.
അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബമാണ് മണികണ്ഠന്റെത്. പൊതുപ്രവർത്തനവുമായി ബന്ധപ്പെട്ട് മണികണ്ഠൻ എപ്പോഴും തിരക്കിലാണ്. അതുകൊണ്ടുതന്നെ വിവാഹം കഴിക്കാൻ സമയം ലഭിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. കോവിഡ് കാലത്തും മണികണ്ഠൻ വളരെ സജീവമായിരുന്നു. തൻറെ സ്വന്തം വാഹനത്തിൽ ആളുകൾക്ക് വേണ്ടുന്ന സാധനങ്ങൾ വീട്ടിൽ എത്തിച്ചുകൊടുക്കാൻ മണികണ്ഠൻ മുന്നിൽ തന്നെ ഉണ്ടായിരുന്നു. തനിക്ക് ജീവൻ ഉള്ളടത്തോളം കാലം പൊതുപ്രവർത്തനത്തിൽ സജീവമായി നിൽക്കാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് മണികണ്ഠൻ പറയുന്നു.