എൽ ടി ടി ഈ യുടെ തലവനായി ശ്രീലങ്കയെ വിറപ്പിച്ച വേലുപിള്ള പ്രഭാകരൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന പി നെടുമാരന്‍റെ പ്രസ്താവന ചർച്ചയായി മാറുന്നു. വേൾഡ് ഫെഡറേഷൻ ഓഫ് തമിഴ് സംഘടന യുടെ പ്രസിഡൻറ് ആണ് നെടുമാരൻ. അതുകൊണ്ടുതന്നെ ഇദേഹത്തിന്റെ പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്.
താൻ ഈ സത്യം ലോകത്തോട് വിളിച്ചു പറയുന്നത് രാജപക്സെ ഭരണം അവസാനിച്ചതുകൊണ്ടാണ്. നിലവിൽ പ്രഭാകരൻ ആരോഗ്യവാനായിരിക്കുന്നു എന്നും അദ്ദേഹത്തിൻറെ സമ്മതത്തോടെയാണ് താൻ ഈ സത്യം ലോകത്തെ അറിയിക്കുന്നതെന്നും നെടുമാരന്‍ പറഞ്ഞു. തന്റെ കുടുംബം ഇപ്പോഴും പ്രഭാകരനുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. എന്നാൽ അദ്ദേഹം ഇപ്പോൾ എവിടെയാണ് ഉള്ളത് എന്ന് പറയാൻ കഴിയില്ല. പ്രഭാകരന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചതിനു ശേഷമാണ് താൻ ഈ രഹസ്യം ലോകത്തോട് പറയുന്നത്. തമിഴ് ഈഴവുമായി ബന്ധപ്പെട്ട കൂടുതൽ തീരുമാനങ്ങൾ സമയമാകുമ്പോൾ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രഭാകരൻ കൊല്ലപ്പെട്ട വാർത്ത ലങ്കൻ സൈന്യം സ്ഥിരീകരിക്കുന്നത് 2009 മെയ് 18നാണ്. ഇത് സംബന്ധിച്ച ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ശ്രീലങ്കയിലെ ന്യൂനപക്ഷമായ തമിഴ് വംശജരുടെ പിന്തുണയോടെയാണ് പ്രഭാകരൻ ശ്രീലങ്കൻ ഗവൺമെന്റിന് ഒരു വെല്ലുവിളിയായി മാറിയത്. പതിനെട്ടാം വയസ്സിൽ ഒളിവിൽ പോകുന്ന അദ്ദേഹം പിന്നീട് ഒരു സമാന്തര ഭരണ സംവിധാനമായി വളരുകയായിരുന്നു. 2009 മെയിലാണ് പ്രഭാകരന്‍റെ മരണ വാർത്ത പുറത്തു വരുന്നത്.
പ്രഭാകരന്റെ 12 വയസ്സ് മാത്രം പ്രായമുള്ള മകൻ രാമചന്ദ്രന്‍ കൊല്ലപ്പെട്ടു കിടക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മകൻ മരിച്ചു എന്നാണ് സർക്കാർ പിന്നീട് സ്ഥിരീകരിച്ചത്. എന്നാൽ പ്രഭാകരന്റെ മകൻ ബാലചന്ദ്രനെ ജീവനോടെ പിടിച്ചതിനു ശേഷം സൈന്യം വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഏതായാലും പ്രഭാകരൻ ജീവിച്ചിരിക്കുന്നു എന്ന വാർത്ത പുറത്തു വന്നത് വലിയ പ്രതീക്ഷയോടെയും ആശങ്കയോടെയും ആണ് വിവിധ വിഭാഗങ്ങൾ നോക്കിക്കാണുന്നത്.