മൊബൈലും ടെലഫോണും സജീവമാകുന്നതിന് മുമ്പുള്ള കാലത്ത് കമിതാക്കൾക്ക് പ്രണയം കൈമാറാൻ എഴുത്ത് എന്ന ഒറ്റ ഉപാധി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുതന്നെ വളരെ സൂക്ഷിച്ചു കൈമാറിയില്ലെങ്കിൽ പിടിക്കപ്പെടും എന്ന് മാത്രമല്ല സമൂഹത്തിന് മുമ്പിൽ അപമാനിക്കപ്പെടുകയും ചെയ്യും. അതുകൊണ്ട് തന്നെ പഴയ കാലത്തെ കമിതാക്കൾ രഹസ്യങ്ങൾ കൈമാറാൻ ചില കോഡുകളെ ആശ്രയിച്ചിട്ടുണ്ട്. രണ്ട് പേര്‍ക്കു മാത്രം മനസ്സിലാക്കാൻ പറ്റുന്ന കോഡുകൾ. മറ്റാർക്ക് കത്ത് ലഭിച്ചാലും ഒന്നും മനസ്സിലാക്കാൻ കഴിയില്ല. അത്തരത്തിൽ പ്രണയിക്കുമ്പോൾ രാജഭാഷ ആയ മൂല ഭദ്രി ഉപയോഗിച്ച് കത്തുകൾ കൈമാറിയ ദമ്പതികളാണ് കൊല്ലം കടയ്ക്കൽ സ്വദേശികളായ അനിത് സൂര്യനും ശാന്തി സത്യനും.
പണ്ടുകാലത്ത് തിരുവിതാംകൂർ രാജാക്കന്മാർ ഉപയോഗിച്ചിരുന്ന മൂലഭദ്രി എന്ന ഭാഷയാണ് ഇവര്‍ രഹസ്യം കൈമാറാന്‍ ഉപയോഗിച്ചിരുന്നത്. അനിതിന്റെ സ്റ്റുഡൻറ് ആയിരുന്നു ശാന്തി. ഇരുവരും പരിചയപ്പെടുന്നത് അങ്ങനെയാണ്. അന്ന് സ്മാർട്ട് ഫോൺ ഇന്നത്തെ പോലെ വ്യാപകമായിരുന്നില്ല. അതുകൊണ്ടുതന്നെ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതിയാൽ പോലും മറ്റുള്ളവർ അത് വായിച്ചെടുക്കും. മറ്റൊരു ഭാഷയെ കുറിച്ച് ചിന്തിച്ചക്കുന്നത് അങ്ങനെയാണ്. ഒടുവില്‍ തിരുവിതാംകൂറിലെ രാജാക്കന്മാരുടെ കാലത്ത് ഉപയോഗിച്ചിരുന്ന മൂല ഭദ്രി എന്ന ഭാഷ ഉപയോഗിക്കാന്‍ ഇവര്‍ തീരുമാനിച്ചു. ടെലഫോണിൽ വിളിക്കുമ്പോഴും കത്തുകൾ എഴുതുമ്പോഴും ഈ ഭാഷ തന്നെയാണ് അവർ ഉപയോഗിച്ചത്. ഇത് പഠിക്കാനും വളരെ എളുപ്പമാണ്. ഒരു അക്ഷരത്തിന് പകരം മറ്റൊരു അക്ഷരം ഉപയോഗിക്കുന്നു. പരസ്പരം ആശയ വിനിമയം നടത്താൻ ഒരു ഭാഷ ആവശ്യമാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവർ മൂലഭദ്രി പഠിക്കാൻ തീരുമാനിച്ചത്. ഇതുകൂടാതെ എഴുതുന്നതിനു വേണ്ടി മറ്റൊരു കോഡ് ഭാഷയും ഇവർ ഉപയോഗിച്ചിരുന്നു.
ഇരുവരുടെയും വിവാഹത്തിന് വീട്ടുകാർ എതിർപ്പായിരുന്നു. വിവാഹം കഴിഞ്ഞ് ഇപ്പോൾ 13 വർഷമാകുന്നു. ഇവരും വളരെ സന്തോഷത്തോടു കൂടിയുള്ള ഒരു കുടുംബജീവിതമാണ് നയിക്കുന്നത്. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്.