സൈക്കിളിൽ കേരളം ചുറ്റി നടന്നു കാണാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് അരീക്കോട് തച്ചണ്ണ സ്വദേശികളായ അച്ഛനും മകളും. സഹ്ല പരപ്പനും അച്ഛൻ സക്കീർ ഹുസൈനുമാണ് തങ്ങളുടെ സൈക്കിളിൽ കേരളം ചുറ്റി കറങ്ങാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെയാണ് ഇവർ തങ്ങളുടെ യാത്ര ആരംഭിച്ചത്. ഇവരുടെ ഈ യാത്രയ്ക്ക് ഒരു സന്ദേശമുണ്ട്, അകറ്റിനിർത്തുന്ന ആളുകളെ ചേർത്ത് പിടിക്കണം. അഗതി മന്ദിരത്തിലെ അന്തേവാസികൾ, കുടുംബാംഗങ്ങൾ സുഹൃത്തുക്കൾ എന്നിവരുടെ അനുഗ്രഹത്തോടെയാണ് ഇവർ തങ്ങളുടെ യാത്ര ആരംഭിച്ചത്. സഹ്ല നേരത്തെയും വാർത്തകളിൽ ഇടം പിടിച്ച വ്യക്തിയാണ്. സുഹൃത്തുക്കളുടെ ഒപ്പം കേരളത്തിൽ നിന്ന് സൈക്കിളിൽ സഞ്ചരിച്ച് സഹ്ല കാശ്മീരിൽ എത്തിയിരുന്നു.
കീഴുപറമ്പിൽ നിന്ന് തുടങ്ങിയ സഞ്ചാരം കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചുരം വഴി വയനാട്ടിലേക്ക് കടക്കാന്‍ ആണ് നിശ്ചയിച്ചിട്ടുള്ളത്. പിന്നീട് അവിടെ നിന്നും പാൽചുരം കടന്ന് കണ്ണൂർ വഴി കാസർഗോഡ് എത്താനാണ് ഇവർ പദ്ധതിയിടുന്നത്. അവിടെ നിന്നും 550 കിലോമീറ്റർ സൈക്കിൾ ചവിട്ടി തിരുവനന്തപുരത്ത് എത്താനാണ് പ്ലാൻ. പിന്നീട് അവിടെ നിന്നും ജന്മനാടായ തച്ചണ്ണയിലേക്ക് തിരികെ എത്തി ഇവര്‍ തങ്ങളുടെ യാത്ര ഇവർ പൂർത്തിയാക്കും.
അംഗ വൈകല്യം ബാധിച്ചവർ, വൃദ്ധസദനങ്ങൾ എന്നു തുടങ്ങി സമൂഹത്തിൽ നിന്നും അകറ്റി നിർത്തപ്പെട്ട കഴിയുന്നവരെ അടുത്തറിയുക എന്നതാണ് ഈ യാത്രയിലൂടെ അച്ഛനും മകളും ലക്ഷ്യം വക്കുന്നത്. തൻറെ യാത്രയ്ക്ക് എല്ലാ പിന്തുണയുമായി ഒപ്പമുള്ളത് അച്ഛനാണെന്ന് സഹ്ല പറയുന്നു. കേരളത്തെ അടുത്തറിയുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അതുകൊണ്ടാണ് താൻ മകളുടെ ഒപ്പം തന്നെ യാത്ര തിരിക്കാൻ തീരുമാനിച്ചത് എന്നും അച്ഛൻ സക്കീർ ഹുസൈന്‍ പറയുന്നു.