പ്രകൃതിയിലെ അത്ഭുതങ്ങളുടെ കലവറ എന്നാണ് ആമസോണിനെ പൊതുവേ വിശേഷിപ്പിക്കുന്നത്. ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ജീവ വർഗ്ഗങ്ങളും സസ്യജാലങ്ങളും കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. ആമസോൺ നദിയും അതിനു ചുറ്റുമുള്ള വനപ്രദേശങ്ങളും ഇനിയും പൂർണമായി പരിവേഷണം നടത്തിയിട്ടില്ല എന്നതാണ് വാസ്തവം. അപൂർവ്വ ജീവവർഗങ്ങളും ഔഷധസസ്യങ്ങളും ഇവിടെ ഒളിഞ്ഞിരിപ്പുണ്ട് എന്നാണ് വലിയൊരു വിഭാഗം ഗവേഷകരും കരുതുന്നത്.
ആമസോണ്‍ മേഖലയിൽ ഏകദേശം 4000 മീറ്റർ ആഴത്തിൽ ആമസോണിന്റെ അത്രതന്നെ നീളത്തിലും അതിനേളം തന്നെ വീതിയിലും ഉള്ള ഒരു ജലപാത ഉണ്ടെന്ന് ഗവേഷകർ അടുത്തിടെ കണ്ടെത്തുകയുണ്ടായി. ഇതിന് ബ്രസീലിലെ നാഷണൽ ഒബ്സർവേറ്ററി നൽകിയിരിക്കുന്ന പേര് ഹംസ നദി എന്നാണ്. എണ്ണ ഖനനം നടത്തുന്നതിന് വേണ്ടി ഈ മേഖലയിൽ നിരവധി തവണ കിണറുകൾ നിർമ്മിച്ചിരുന്നു. അപ്പോഴാണ് ഇവിടെ വലിയ തോതിലുള്ള അടിയൊഴുക്ക് ശ്രദ്ധയിൽപ്പെടുന്നത്. പിന്നീട് ഇവിടെ കുറച്ചു കൂടി ഗൗരവതരമായ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ആണ് ഈ ജലപാതയെ കുറിച്ച് കണ്ടെത്താൻ പര്യവേഷകര്‍ക്ക് കഴിഞ്ഞത്. ഈ പരിവേഷണത്തിന് മേൽനോട്ടം വഹിച്ച ശാസ്ത്ര ഗവേഷകരെ നയിച്ച ശാസ്ത്രജ്ഞന്റെ പേരാണ് നദിക്ക് നൽകിയിട്ടുള്ളത്.
ആമസോണിൽ നിന്ന് നാല് കിലോമീറ്റർ താഴെ ആയിട്ടാണ് ഈ ഭൂഗർഭ ജലപാത കണ്ടെത്തിയത്. ആമസോൺ നദിയെ അപേക്ഷിച്ച് ഈ ജലപാതയ്ക്ക് വേഗത കുറവാണ്. അതുകൊണ്ടാണ് ഇതിനെ ഭൂഗർഭ നദിയായി ഇപ്പോഴും ഔദ്യോഗികമായി രേഖപ്പെടുത്താത്തത്. ഈ നദി നീളത്തില്‍ ആമസോണിന് സമാനമാണ് എങ്കിലും വീതി കുറവാണ്, ഒഴുക്കും നന്നേ കുറവാണ്. ഈ ജലാശയത്തെ പാറകളിലൂടെയുള്ള ഉപ്പുവെള്ള കനാല്‍ എന്നാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.