ചേച്ചിയുടെ ഒപ്പം അനുജത്തിയും യാത്രയായി. അടിമാലി കൊമ്പൊടിഞ്ഞാലിൽ ഉള്ള വീടിന് സമീപത്തെ പാറക്കുളത്തിൽ വീണ ചേച്ചിയുടെ ഒപ്പം അനിയത്തിയും വിട പറഞ്ഞു. ചേച്ചി ഇല്ലാതെ വീട്ടിലേക്ക് വരില്ല എന്ന് വാശി പിടിച്ച കുഞ്ഞനുജത്തി ചേച്ചിയെ രക്ഷിക്കുന്നതിനു വേണ്ടി കുളത്തിലേക്ക് എടുത്ത് ചാടി മരണം വരിച്ചു.
ബുധനാഴ്ച വൈകുന്നേരം നാലരയോടെ സ്കൂളിൽ നിന്നും എത്തിയ ആൻ മരിയയും , അമയയും അമ്മമ്മ എൽസമ്മയുടെയും അവരുടെ ഭർത്താവിന്‍റെ സഹോദരി അമ്മിണിയുടെയും ഒപ്പമാണ് വീടിന് അടുത്തുള്ള പാറക്കുളത്തിൽ തുണി അലക്കാനായി പോകുന്നത്. കടുത്ത വേനൽ മൂലം ഈ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. അതുകൊണ്ടാണ് ഇവർ വീടിനു സമീപത്തുള്ള പാറക്കുളത്തിൽ തുണി അലക്കാന്‍ പോയത്. തുണി അലക്കുന്നതിനിടെ 11 കാരിയായ ആൻ മരിയ കുളത്തിന്റെ ആഴമുള്ള ഭാഗത്ത് വീണു. ആന്‍ മരിയയെ രക്ഷിക്കാൻ വേണ്ടി മുത്തശ്ശിയായ എൽസമ്മ ഒപ്പം ചാടി. ഇതോടെ ഇവരുടെ ഒപ്പം ഉണ്ടായിരുന്ന അമ്മിണി ഉച്ചത്തിൽ നിലവിളിച്ച് ആളുകളെ കൂട്ടി, അപ്പോഴും അമയയെ അമ്മിണി കയ്യില്‍ തന്നെ മുറുക്കി പിടിച്ചിരുന്നു. എപ്പോഴും തന്റെ ഒപ്പം ഉള്ള ചേച്ചി ഇല്ലാതെ താൻ എങ്ങോട്ടും വരില്ല എന്ന് അമയ നിർബന്ധം പിടിച്ചു. തുടർന്ന് അമ്മിണി ആളുകളെ കൂട്ടുന്നതിന് വേണ്ടി സംഭവ സ്ഥലത്ത് നിന്നും മാറിയ സമയത്ത് ചേച്ചിയെ രക്ഷിക്കുവാനായി അമയയും കുളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു . ഇവര്‍ മൂന്നു പേരും കുളത്തിൽ മുങ്ങി. എപ്പോഴും ഒരുമിച്ചായിരുന്ന സഹോദരിമാർ മരണത്തിലും ഒരുമിച്ചു . ഇരുവരുടെയും വേർപാട് നാട്ടുകാർക്കും ബന്ധുക്കൾക്കും തീരാ നൊമ്പരമായി മാറി.