അമ്മ മരിച്ചിട്ട് പോലും വിദേശത്തു നിന്ന് വരാത്ത മക്കൾ സ്വത്തിനു വേണ്ടി നാട്ടിലെത്തി. എന്നാൽ ഇങ്ങനെയുള്ള മക്കൾക്ക് തന്റെ ഒരു രൂപ പോലും നൽകില്ല എന്ന് തീരുമാനിച്ച പിതാവ് കോടിക്കണക്കിന് വരുന്ന സ്വത്തുവകകൾ മരിക്കുന്നതിന് മുമ്പ് തന്നെ ട്രസ്റ്റിന് ദാനം നൽകി. ഇതോടെ 2 മക്കളും സ്വത്തിനുവേണ്ടി ഹൈക്കോടതിയെ സമീപിച്ചു. നിലവിൽ സ്വകാര്യ ട്രസ്റ്റിനും സ്വത്ത് കൈകാര്യം ചെയ്യുന്ന പവർ ഓഫ് അറ്റോണിക്കും നോട്ടീസ് അയച്ചിരിക്കുകയാണ് കോടതി. ഏതായാലും രണ്ടാഴ്ചയ്ക്കകം വാദം കേൾക്കാനാണ് കോടതി തീരുമാനിച്ചിട്ടുള്ളത്.
ആദായനികുതി ഓഫീസിൽ ഉദ്യോഗസ്ഥനായിരുന്ന രശ്മികാന്ത് തക്കറും അദ്ദേഹത്തിൻറെ ഭാര്യ നീമ ബെന്നും അഹമ്മദാബാദില്‍ ആയിരുന്നു താമസിച്ചിരുന്നത്. പഠനം പൂർത്തിയാക്കിയ ഇവരുടെ രണ്ട് ആൺമക്കളും യുകെയിൽ സ്ഥിരതാമസമാക്കി. പിന്നീട് നാട്ടിലേക്ക് വരാൻ പോലും ഇവർ താൽപര്യപ്പെട്ടിട്ടില്ല.
2018ൽ നിമ വൃക്ക രോഗബാധിത ആയപ്പോൾ അമ്മയെ കാണാൻ വരണമെന്ന് രശ്മി കാന്ത് അറിയിച്ചെങ്കിലും മക്കൾ അതിന് ചെവിക്കൊണ്ടില്ല. രശ്മികാന്ത് നിരന്തരം മക്കളെ ബന്ധപ്പെട്ടു എങ്കിലും അവർ നാട്ടിലേക്ക് വന്നതേയില്ല. 2019ല്‍ നീമ ബെൻ മരണപ്പെട്ടു. അമ്മയുടെ ശവസംസ്കാര ചടങ്ങിനെങ്കിലും എത്തണമെന്ന് പിതാവ് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറായില്ല. ഇതോടെ തന്റെ കോടികൾ വരുന്ന സ്വത്ത് വകകളുടെ ഒരു ഭാഗം സുഹൃത്തിൻറെ മകന് എഴുതി നൽകി. മാത്രമല്ല ബാക്കി വരുന്ന സ്വത്ത് വകകള്‍ മരണ ശേഷം ട്രസ്റ്റിന് വന്നു ചേരുമെന്ന രീതിയിലാണ് വിൽപ്പത്രം തയ്യാറാക്കിയിരുന്നത്. എന്നാൽ രശ്മികാത്ത് മരിച്ചതിനു ശേഷം രണ്ടു മക്കളും സ്വത്തുവകകൾക്ക് വേണ്ടി യുകെയിൽ നിന്നും എത്തി. അപ്പോഴാണ് ഒരു പൈസ പോലും പിതാവ് തങ്ങളുടെ പേരിൽ എഴുതി വെച്ചിട്ടില്ല എന്ന് മക്കൾ മനസ്സിലാക്കുന്നത്. ഇതോടെ അവർ കോടതിയെ സമീപിക്കുകയായിരുന്നു.