ബ്രഹ്മാണ്ഡ ചിത്രങ്ങൾ എടുക്കുന്നതിൽ അസാമാന്യ പാടവമുള്ള സംവിധായകനാണ് എസ് എസ് രാജമൗലി. ചുരുങ്ങിയ കാലത്തിനിടയിൽ രാജമൗലി സൃഷ്ടിച്ച ഹിറ്റുകൾ തന്നെ അതിനുദാഹരണം. രാജമൗലി സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളുടെയും തിരക്കഥ ഒരുക്കിയിരിക്കുന്നത് അദ്ദേഹത്തിൻറെ പിതാവായ വിജയന്ദ്രപ്രസാദാണ്. ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് അദ്ദേഹം. ഇപ്പോൾ അദ്ദേഹം ആർഎസ്എസിന്റെ ചരിത്രം വിവരിക്കുന്ന ഒരു തിരക്കഥ തയ്യാറാക്കുന്ന തിരക്കിലാണ്. ഇത് വലിയ വാർത്തയായി മാറിയിരുന്നു. ഈ ചിത്രത്തെക്കുറിച്ച് രാജമൗലി അടുത്തിടെ പ്രതികരിച്ചിരുന്നു. ചിത്രത്തിൻറെ തിരക്കഥ വായിച്ച് താൻ കരഞ്ഞു പോയി എന്ന് രാജമൗലി പറയുന്നു.
ആർഎസ്എസ് എന്ന സംഘടനയെ കുറിച്ച് തനിക്ക് കൂടുതൽ അറിവ്ഇല്ല. എന്നാൽ ആ സംഘടനയെ കുറിച്ച് ധാരാളം കാര്യങ്ങൾ കേട്ടിട്ടുണ്ട്. എങ്ങനെയാണ് ആ സംഘടന രൂപം കൊണ്ടത് ആ സംഘടനയുടെ ആശയങ്ങൾ എന്തൊക്കെയാണ് എങ്ങനെയാണ് ആ സംഘടന വളർന്നത് തുടങ്ങിയ കാര്യങ്ങൾ ഒന്നും അറിയില്ല. എന്നാൽ ആർഎസ്എസിനെ കുറിച്ച് തന്റെ പിതാവ് എഴുതിയ തിരക്കഥ മനസ്സിൽ തട്ടി. ആ തിരക്കഥ വായിക്കുന്നതിനിടെ പല പ്രാവശ്യം കണ്ണുകൾ നിറഞ്ഞൊഴുകി.
വൈകാരികമായി അത് ഏറെ സ്വാധീനിച്ചു. ഇത് തികച്ചും വ്യക്തിപരമായ കാര്യമാണ്. മറ്റുള്ളവർക്ക് അങ്ങനെ തോന്നണമെന്നില്ല. ഈ തിരക്കഥ സംവിധാനം ചെയ്യുന്നത് താൻ തന്നെ ആയിരിക്കുമോ എന്ന് പലരും ചോദിക്കുകയുണ്ടായി. അതിന് വ്യക്തമായ ഉത്തരം നൽകാൻ ഇപ്പോൾ കഴിയില്ല. അത് പറയേണ്ട ആൾ താനല്ല. ഒരുപക്ഷേ തന്റെ പിതാവ് അത് മറ്റാർക്കെങ്കിലും നൽകാൻ വേണ്ടിയാണോ എഴുതിയത് എന്ന് പോലും അറിയില്ല. അതുകൊണ്ടുതന്നെ അത്തരം ഒരു ചോദ്യത്തിന് ഉത്തരം പറയാൻ ഇപ്പോൾ പറ്റില്ല. എന്നാൽ ആ തിരക്കഥ സംവിധാനം ചെയ്യാൻ കഴിഞ്ഞാൽ അത് ഒരു വലിയ അംഗീകാരമായി ആണ് താൻ കാണുന്നുവെന്ന് രാജമൗലി പറഞ്ഞു.