നായയുടെ തൊണ്ടയിൽ കുടുങ്ങിയ ചൂണ്ടു വിരലിന്റെ നീളമുള്ള സൂചി ഒടുവിൽ പുറത്തെടുത്തു; ഇത് യൂക്കോയ്ക്ക് പുനർജന്മം

തയ്യൽ സൂചി തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ഭക്ഷണം പോലും കഴിക്കാൻ കഴിയാതെ ബുദ്ധിമുട്ടുക ആയിരുന്നു കിളിമാനൂർ പോങ്ങനാട് സ്വദേശി സുകുമാര പിള്ളയുടെ വീട്ടിലെ വളർത്തു നായ യൂക്കോ. ഒന്നര വയസ്സ് പ്രായമുള്ള പൊമാറേനിയന്‍ വിഭാഗത്തില്‍ പെടുന്ന നായയാണ് അബദ്ധത്തിൽ തയ്യൽ സൂചി വിഴുങ്ങിയത് മൂലം ഭക്ഷണം പോലും കഴിക്കാനാവാതെ ബുദ്ധിമുട്ടിയത്.

നായയുടെ തൊണ്ടയിൽ കുടുങ്ങിയ ചൂണ്ടു വിരലിന്റെ നീളമുള്ള സൂചി ഒടുവിൽ പുറത്തെടുത്തു; ഇത് യൂക്കോയ്ക്ക് പുനർജന്മം 1

നായ അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങുന്നത് ശനിയാഴ്ച മുതലാണ്. നായ ഭക്ഷണം പാടെ ഒഴിവാക്കുക ആയിരുന്നു. എത്ര നിർബന്ധിച്ചിട്ടും ഭക്ഷണം തീരെ കഴിക്കാതായതോടെയാണ് വീട്ടുകാർ ഡോക്ടറെ കാണിക്കാന്‍ തീരുമാനിക്കുന്നത്. വീടിന് സമീപത്തുള്ള മൃഗ ഡോക്ടർ ചികിത്സ നൽകിയിട്ടും നായയുടെ ആരോഗ്യ നിലയിൽ ഒരു മാറ്റവും  ഉണ്ടായില്ല. ഇതോടെയാണ് പി എം ജി യിലുള്ള ജില്ലാ വെറ്റിനറി ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ചത്. തുടർച്ചയായ ഛർദ്ദിച്ച നായയെ ഡോക്ടർ എ കെ അഭിലാഷ് പ്രത്യേകത ഇഞ്ചക്ഷൻ നൽകിയതിനു ശേഷം എക്സ് -റേ  എടുത്തു പരിശോധിച്ചു. അപ്പോഴാണ് ഒരു ചൂണ്ടു വിരലിന്റെ നീളത്തിലുള്ള സൂചി തൊണ്ടയിൽ കുടുങ്ങിയ വിവരം കണ്ടെത്തിയത്. തുടർന്ന് നായക്ക് അനസ്തേഷ്യ നൽകിയതിനു ശേഷം ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ച് നായയുടെ തൊണ്ടയില്‍ നിന്നും സൂചി പുറത്തെടുക്കുക ആയിരുന്നു. സുകുമാരപിള്ളയുടെ വീട്ടിൽ ഭാര്യ തുണി തയ്ക്കുന്നുണ്ട്. ഏതെങ്കിലും വിധത്തിൽ ഈ സൂചി നായയുടെ ഉള്ളിൽ പോയതായിരിക്കും എന്നാണ് ഡോക്ടർ പറയുന്നത് . സൂചി പുറത്തെടുത്തതിനു ശേഷം അധികം വൈകാതെ നായ സാധാരണയായി ആഹാരം കഴിക്കാൻ തുടങ്ങിയതായി വീട്ടുകാർ അറിയിച്ചു.

Exit mobile version