പ്രണവ് യാത്രയാകുമ്പോള്‍ തനിച്ചാകുന്നത് ഷഹാന; പതിരില്ലാത്ത സ്നേഹത്തിന്‍റെ തിരുശ്ശേഷിപ്പ് 

സമൂഹ മാധ്യമത്തിലൂടെ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ തൃശ്ശൂർ സ്വദേശിയായ പ്രണവ് വിട വാങ്ങി. ഇന്നലെ രാവിലെ രക്തം ഛർദിച്ചതിനെ തുടർന്നാണ് പ്രണവ് മരണപ്പെടുന്നത്. ഉടൻ തന്നെ പ്രണവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പ്രണവ് യാത്രയാകുമ്പോള്‍ തനിച്ചാകുന്നത് ഷഹാന; പതിരില്ലാത്ത സ്നേഹത്തിന്‍റെ തിരുശ്ശേഷിപ്പ്  1

വളരെ വർഷങ്ങൾക്കു മുൻപ് ഒരു വാഹനാപകടത്തിൽ പെട്ട് പരിക്ക് പറ്റി ശരീരം മുഴുവൻ തളർന്ന് ഒരേ കിടപ്പിൽ കിടക്കുകയായിരുന്നു പ്രണവ്. എങ്കിലും പ്രണവിന്റെ മനക്കരുത്തും നിശ്ചയ ദാർഢ്യവും ഏവർക്കും പ്രചോദനമായിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പല ബോധവൽക്കരണ പരിപാടികളിലും പ്രണവ് പങ്കെടുക്കാറുണ്ടായിരുന്നു. തന്റെ സുഹൃത്തിന്‍റെ ഒപ്പം ബൈക്കിൽ പോകുന്നതിനിടെയാണ് പ്രണവിന് അപകടം പറ്റുന്നത്. പിന്നീട് പ്രണവ് എഴുന്നേറ്റിട്ടില്ല. തന്റെ സ്വന്തം കാര്യങ്ങൾക്ക് പോലും മറ്റൊരാളുടെ സഹായം ആവശ്യമായി വന്നു. അന്നൊക്കെ പ്രണവിന് എല്ലാ പിന്തുണയുമായി സുഹൃത്തുക്കൾ ഒപ്പം ഉണ്ടായിരുന്നു.

പിന്നീട് പ്രണവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം 2022 മാർച്ച് നാലിലാണ്. അന്നാണ് ഷഹാനയെ പ്രണവ് തൻറെ ജീവിതസഖിയാക്കുന്നത്. ഇരുവരും അടുക്കുന്നത് സമൂഹ മാധ്യമം വഴിയാണ്. ആദ്യം ഇഷ്ടം പറഞ്ഞതു ഷഹാന ആയിരുന്നു. എന്നാൽ സഹതാപത്തിന്റെ പേരിലുള്ള ഇഷ്ടം പ്രണവ് നിരാകരിക്കുകയാണ് ചെയ്തത്. പക്ഷേ ഷഹാന പ്രണവിന്റെ ജീവിതസഖിയാകാൻ തീരുമാനിച്ചുറച്ചിരുന്നു.  പല എതിർപ്പുകളെയും തരണം ചെയ്താണ് ഷഹാന പ്രവണവിന്‍റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. പ്രണവിന് ഷഹാന ഇണയും തുണയുമായി. പ്രണവ് തന്റെ നെഞ്ചില്‍ ഷഹാനയുടെ ചിത്രം പച്ച കുത്തിയിരുന്നു.  പ്രണവിന്റെ അപ്രതീക്ഷിത വിയോഗം തനിച്ചാക്കിയത് ഷഹാനയാണ്. തുടര്‍ പഠനവും ജോലിയുമൊക്കെ സ്വപ്നം കണ്ടിരിക്കുന്നതിനിടെ ആണ് പ്രണവിനെ മരണം കവര്‍ന്നെടുക്കുന്നത്. 

Exit mobile version