ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തു വന്ന തടവുകാരന്റെ മൊഴി തള്ളിക്കളഞ്ഞു സി ബി ഐ. പൂജപ്പുര ജയിലിൽ തടവിൽ കഴിഞ്ഞു വന്നിരുന്ന കൊല്ലം സ്വദേശിയായ പോക്സോ കേസിലെ പ്രതിക്കാണ് ജെസ്നയുടെ തിരോധാനത്തിൽ പങ്കുണ്ട് എന്ന മൊഴി പുറത്തു വന്നത്. ഇത് മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ ചർച്ച ചെയ്തിരുന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഈ സംഭവം പരിശോധിച്ചു വിശദമായ അന്വേഷണം നടത്തി. പക്ഷേ നിരാശ ആയിരുന്നു ഫലം. ഈ പുതിയ കച്ചിത്തുരുമ്പും എങ്ങും എത്താതെ അവസാനിച്ചതോടെ ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കും എന്ന അന്വേഷണ ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെയും സാധ്യതയാണ് ഇതോടെ മങ്ങിയിരിക്കുന്നത്.
പത്തനംതിട്ട സ്വദേശിനിയായ ജസ്ന എന്ന വിദ്യാർത്ഥിനിയെ കാണാതായിട്ട് ഇപ്പോൾ അഞ്ച് വർഷം പൂർത്തിയാവുകയാണ്. വിവിധ അന്വേഷണ സംഘങ്ങൾ മാറിമാറി അന്വേഷിച്ചിട്ടും ഇതുവരെ ജസ്നയെ കുറിച്ചുള്ള ഒരു വിവരവും പുറത്തു വന്നിട്ടില്ല. ജസ്ന രാജ്യം വിട്ടുപോയെന്നും അതല്ല ഇന്ത്യയിൽ തന്നെ ഒരിടത്ത് സുരക്ഷിതമായി ഉണ്ടെന്നും ഉള്ള പല വാർത്തകളും ഇതിന്‍റെ ഭാഗമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ആധികാരികമായി ജസ്നയെ കുറിച്ചുള്ള ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനിടെയാണ് മോഷണക്കേസുമായി ബന്ധപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിയിൽ ഉണ്ടായിരുന്ന പത്തനംതിട്ട സ്വദേശിക്ക് ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പങ്കുണ്ട് എന്ന മൊഴി പുറത്തു വരുന്നത്. ജെസ്നയും പത്തനംതിട്ട സ്വദേശിയായതു കൊണ്ടുതന്നെ ഈ മൊഴി വളരെ ഗൗരവത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടത്. സി ബി ഐ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തിരുന്നു എങ്കിലും മൊഴിയിൽ യാതൊരു വസ്തുതയും ഇല്ല എന്ന് തെളിഞ്ഞതായി സി ബി ഐ അറിയിച്ചു.