തുർക്കി സിറിയ എന്നിവിടങ്ങളിൽ ഉണ്ടായ ഭൂകമ്പത്തിന്റെ നടുക്കം ഇതുവരെ വിട്ടു മാറിയിട്ടില്ല. അര ലക്ഷത്തോളം പേരാണ് ഒരു നിമിഷാർത്ഥത്തിൽ മരണത്തിൻറെ പിടിയിൽ അമർന്നത്. രണ്ടര ലക്ഷം കെട്ടിടങ്ങളാണ് നിലം പൊത്തിയത്. നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എവിടേയും നഷ്ടത്തിന്റെയും നിരാശയുടെയും സങ്കടക്കാഴ്ചകൾ മാത്രം. ഇതിന്‍റെ ഇടയിൽ മനസ്സു നിറക്കുന്ന മനുഷ്യത്വത്തിന്റെ കണിക വറ്റാത്ത ഒരു ചിത്രമാണ് ഇപ്പോൾ ലോകം ഏറ്റെടുത്തിരിക്കുന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷാപ്രവർത്തകർ പുറത്തെടുത്ത ഒരു പൂച്ച തന്നെ രക്ഷിച്ച ആളിനെ വിട്ടു പോകാൻ തയ്യാറാകാത്തതിന്റെ ചിത്രം വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള സ്നേഹ പ്രകടനത്തിന്റെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
തൻറെ ജീവൻ രക്ഷിച്ച രക്ഷാ പ്രവർത്തകനെ ചുറ്റി പിടിച്ചിരിക്കുന്ന പൂച്ചയാണ് ചിത്രത്തിൽ ഉള്ളത്. പൂച്ചയെ രക്ഷിച്ചത് മാർഡിൻ ഫയർ വിഭാഗത്തിലെ അലി കാക്കസ് എന്ന ഉദ്യോഗസ്ഥനാണ്. അലി കാക്കസ്സിന്‍റെ ഒപ്പമിരിക്കുന്ന പൂച്ചയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഈ പൂച്ചയെ രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകന്‍ തന്നെ ദത്തെടുത്തു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. റൂബിൾ എന്ന പേരിലുള്ള ഈ പൂച്ച അലി കാക്കസ്സിന്റെ മുഖത്തോട് ചേർന്ന് ഇരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഏതായാലും ഇതിൻറെ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരിക്കുകയാണ്.
യുക്രൈൻ ആഭ്യന്തര മന്ത്രാലയത്തിലെ ഉപദേഷ്ടാവായ ആന്റൺ ഗെരാഷ്ചെങ്കോ ആണ് ആദ്യം ഇത് പങ്ക് വച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്തത്. ഭൂകമ്പത്തിൽ തകർന്ന കെട്ടിട അവശിഷ്ടങ്ങളുടെ ഇടയില്‍ നിന്ന് രക്ഷാ പ്രവർത്തകനായ അലി കാക്കസ് രക്ഷപ്പെടുത്തിയ പൂച്ച, അദ്ദേഹത്തെ വിട്ടു പോകാൻ കൂട്ടാക്കുന്നില്ല എന്ന
അടിക്കുറിപ്പോടെ ആണ് അദ്ദേഹം വീഡിയോ പങ്ക് വച്ചത്.