മുഖ്യമന്ത്രിക്കു സുരക്ഷ നല്‍കുന്നതിന്റെ പേരിൽ ഒരു കുട്ടിക്ക് മരുന്നു വാങ്ങാൻ കഴിഞ്ഞില്ല എന്നത് വളരെ ക്രൂരമായ ഏർപ്പാടാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു അഭിപ്രായപ്പെട്ടു. തൻറെ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റിയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു ചില ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് അദ്ദേഹം ഇത്തരം ഒരു വിമർശനം ഉന്നയിച്ചത്.
ജനങ്ങളെ മന്ത്രിമാർ ബഹുമാനിക്കണം അതാണ് വേണ്ടത്. കാരണം ജനങ്ങളുടെ നികുതിപ്പണം വാങ്ങിയാണ് മന്ത്രിമാർ അവരുടെ വാഹനത്തിന് ഡീസൽ അടിക്കുന്നതും ഇങ്ങനെ പറന്നു പോകുന്നതും. അതുകൊണ്ട് മുഖ്യമന്ത്രിക്ക് സുരക്ഷ നൽകുന്നതിന്റെ പേരിൽ ഒരു കുട്ടിക്ക് മരുന്നു വാങ്ങാൻ കഴിഞ്ഞില്ല എന്ന് പറയുന്നത് ജനങ്ങളോട് കാണിക്കുന്ന വലിയ മര്യാദകേടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താനായിരുന്നെങ്കിൽ ഒരു കല്ലെടുത്ത് എങ്കിലും എറിയുമായിരുന്നു എന്നും പിന്നീട് വരുന്നത് പിന്നെ കാണാം എന്നു മാത്രമേ ചിന്തിക്കുമായിരുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഒരു വഴി മുഴുവൻ ബ്ലോക്ക് ചെയ്തതിനു ശേഷം 40 ഓളം വാഹനങ്ങൾ അകമ്പടി പോവുകയാണ്. എന്നിട്ട് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണെന്ന് പറയുന്നത് കേൾക്കുമ്പോൾ ചിരി വരുന്നു. കമ്മ്യൂണിസം എന്ന് പറയുന്നത് ഇല്ലാത്ത സാധനമാണ്, അത് ഉണ്ടെന്ന് പറയുന്ന ആൾക്കാരാണ് ഇവർ. തുടര്‍ ഭരണം ലഭിച്ചു കഴിഞ്ഞാൽ ഏത് പാർട്ടിയും ഫാസിസ്റ്റ് ആയി മാറും. പ്രതിപക്ഷം എന്നത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി മാത്രമല്ല, ഓരോ മനുഷ്യനും ഓരോ പ്രതിപക്ഷമാണ് . അതുകൊണ്ടാണ് ശരികേടുകൾ ചോദ്യം ചെയ്യാൻ പറ്റുന്നത്. സാധാരണ മനുഷ്യർ പോലും ഒറ്റയ്ക്ക് ഒരു പ്രതിപക്ഷം ആണെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു.