വിധി എപ്പോഴും അങ്ങനെയാണ്. അതിൻറെ കൈകൾ നിങ്ങളെ എത്തേണ്ട സ്ഥലത്ത് എത്തിക്കുക തന്നെ ചെയ്യും. നിങ്ങൾ ഈ ഭൂമിയുടെ ഏത് കോണിൽ ആണെങ്കിൽപ്പോലും അത് നിങ്ങൾക്ക് വേണ്ടി അത്ഭുതങ്ങള്‍ പ്രവർത്തിക്കും. ചിലപ്പോൾ വൈകിയേക്കാം, എങ്കിലും അത് സംഭവിക്കാതിരിക്കില്ല. മഹാരാഷ്ട്രയിലെ അഴുക്കു ചാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിൻറെ തലയിലെ വിധിയും അത്തരത്തിൽ നേരത്തെ തന്നെ എഴുതപ്പെട്ടതായിരുന്നു. അവനെ ഇറ്റാലിയൻ ദമ്പതികൾ ഏറ്റെടുത്തതും ആ വിധിയുടെ അദൃശ്യമായ ഇടപെടൽ മൂലമാണ്. വിശ്വബാലക ആശ്രമത്തിന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കുട്ടിയെ ഇറ്റലിയിൽ നിന്ന് എത്തിയ ദമ്പതികൾ ദത്തെടുക്കുക ആയിരുന്നു.
2018ൽ മഹാരാഷ്ട്രയിലുള്ള താനേ ജില്ലയിൽ ഉല്ലാസ് നഗറിലെ ഒരു അഴുക്ക് ചാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തുന്നത്. അവിടെ നിന്നും ഈ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നത് വഡോര്‍ സ്വദേശികളായ ശിവാജി രഗഡയും ഭാര്യ ജയശ്രീയുമാണ്. ഇവർക്ക് കുട്ടിയെ ലഭിക്കുമ്പോൾ കുട്ടിയുടെ വയറ്റില്‍ അഴുക്കു വെള്ളം പോയിരുന്നു. മാത്രമല്ല കുട്ടിയുടെ തലയിൽ മുറിവുമുണ്ടായിരുന്നു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു എങ്കിലും ഇത് ആരുടെ കുട്ടിയാണ് എന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് ജയശ്രീ ശിവാജി ദമ്പതികൾ തന്നെ കുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചു. എങ്കിലും പല വിധത്തിലുള്ള നിയമപരമായ പ്രശ്നങ്ങൾ മൂലം അവര്‍ക്ക് അതിന് കഴിഞ്ഞില്ല. ഇതോടെയാണ് കുഞ്ഞിനെ വിശ്വബാലക്ക് ആശ്രമത്തിൽ ഏൽപ്പിക്കുന്നത്. എന്തായാലും കുഞ്ഞിനെ ഇറ്റാലിയൻ ദമ്പതികൾ ഏറ്റെടുക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ശിവാജി യും ജയശ്രീയും പറയുന്നു.