ഇന്ന് കോവിഡ് ഒരു രോഗത്തെക്കുറിച്ച് മനുഷ്യൻ അത്ര ബോധവാന്‍മാരല്ല. തുടക്കത്തിൽ ഉണ്ടായിരുന്ന ഭയം എല്ലാവർക്കും മാറി. മാസ്ക് ഉപയോഗിക്കുന്നത് പോലും വിരളമായി. എന്നാൽ കൊറോണ വൈറസിനെ ഭയന്ന് കഴിഞ്ഞ മൂന്നു വർഷത്തോളമായി ഒരു അമ്മയും മകനും വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല. ഗുരുഗ്രമിലെ മാരുതി കുഞ്ചു എന്ന സ്ഥലത്തുള്ള സ്ത്രീയാണ് കൊറോണയെ പേടിച്ച് വീടിൻറെ അകത്ത് അടച്ചു പൂട്ടിയിരുന്നത്. കോവിഡ് വ്യാപനം ഉണ്ടായ അന്ന് മുതൽ ഇതാണ് ഇവരുടെ രീതി. എന്തിനേറെ പറയുന്നു സ്വന്തം ഭർത്താവിനെ പോലും ഇവർ വീടിൻറെ ഉള്ളിലേക്ക് കയറ്റിയിട്ടില്ല.
പത്തു വയസ്സുകാരൻ മകൻറെ ഒപ്പമാണ് മുൻ മുൻ മജി എന്ന സ്ത്രീ വീടിനുള്ളിൽ അടച്ചു പൂട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പോലീസും ആരോഗ്യ പ്രവർത്തകരും ചില ശിശുക്ഷേമ പ്രവർത്തകരും എത്തിയാണ് ഇവരെ വീടിന് പുറത്തിറക്കിയത്. വാതിൽ അകത്തു നിന്നും പൂട്ടിയിരുന്നതിനാൽ വീട് കുത്തി പൊളിച്ചാണ് അകത്തു കടന്നത്.
ഇവർക്ക് കോവിഡിനെ കുറിച്ചുള്ള അമിത ഭയം ആയിരുന്നു. രാജ്യത്ത് ആദ്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഇവർ വീടിന് പുറത്തിറങ്ങിയിട്ടില്ല. അന്ന് ഭർത്താവും ഇവരുടെ ഒപ്പം ഉണ്ടായിരുന്നുവെങ്കിലും ലോക്ക്ഡൗണിൽ ഇളവ് വന്നതോടെ അദ്ദേഹം പുറത്തിറങ്ങി. എന്നാൽ പുറത്തിറങ്ങിയ ഭർത്താവിനെ ഇവര്‍ വീട്ടിനുള്ളിലേക്ക് കയറ്റിയില്ല. എൻജിനീയറായ ഭർത്താവ് തൊട്ടടുത്ത് ഒരു വീട് വാടകക്കെടുത്താണ് താമസിച്ചിരുന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള എല്ലാ സാധനങ്ങളും ഇയാൾ എത്തിച്ചു നൽകിയിരുന്നു. മകൻറെ പഠനം നടന്നത് ഓൺലൈൻ ആയിട്ടായിരുന്നു. പുറംലോകവുമായി ഇവരെ ബന്ധിപ്പിച്ചത് ഭർത്താവ് മാത്രമാണ്. മകനെ പോലും പുറത്തിറങ്ങാൻ ഇവർ അനുവദിച്ചില്ല. ഭാര്യയുടെ മനസ്സ് മാറ്റാൻ ഭർത്താവ് പല ശ്രമങ്ങളും നടത്തിയെങ്കിലും അതൊന്നും ഫലം കാണാതെ വന്നതോടെയാണ് അദ്ദേഹം അധികൃതരെ വിവരം അറിയിച്ചത്.