തീരത്തടിഞ്ഞ ലോഹ ഗോളം ജപ്പാനു മുന്നിൽ ചോദ്യച്ചിഹ്നം ആകുന്നു; ഉത്തരം അറിയാത്ത അമ്പരപ്പിൽ ജപ്പാൻ

ജപ്പാന്റെ കടൽത്തീരത്ത് കഴിഞ്ഞ ദിവസം ഒരു ലോഹ ഗോളം അടിഞ്ഞത് വലിയ ചർച്ചയായി മാറി. ശരിക്കും ഈ ലോഹ ഗോളം എന്താണെന്ന് ആർക്കും ഒരു പിടിയും ഇല്ല എന്നതാണ് ഇതിന്‍റെ ദുരൂഹത വര്‍ദ്ധിക്കാന്‍ കാരണം. ഇതിൻറെ ഉൾവശം പൊള്ളയാണ് എന്നതാണ് ഏക സമാധാനം. അതുകൊണ്ടുതന്നെ ഇത് ബോംബോ മറ്റെന്തെങ്കിലും സ്ഫോടക വസ്തുക്കളോ അല്ല എന്നും ആളുകളുടെ ജീവന് ഇത് ഒരു തരത്തിലും ഭീഷണിയാകില്ല എന്നും അധികൃതർ അറിയിച്ചു.

തീരത്തടിഞ്ഞ ലോഹ ഗോളം ജപ്പാനു മുന്നിൽ ചോദ്യച്ചിഹ്നം ആകുന്നു; ഉത്തരം അറിയാത്ത അമ്പരപ്പിൽ ജപ്പാൻ 1

ജപ്പാനിലെ എൻ സുഹാമ ബീച്ചിലാണ് ലോഹ ഗോളം വന്നടിഞ്ഞത്. ഏതായാലും ഇതിന് ഒരു പുതിയ പേരും നാട്ടുകാർ ഇപ്പോള്‍ നൽകിയിരിക്കുകയാണ്. ഗോഡ്സില്ല എഗ്ഗ് എന്നാണ് ഇതിനിട്ടിരിക്കുന്ന പേര്.  4.9 അടി വ്യാസമാണ് ഈ ഗോളത്തിന് ഉള്ളത്. കടലില്‍ കുളിക്കാന്‍ എത്തിയ നാട്ടുകാരനാണ് ഇതേക്കുറിച്ച് ആദ്യം അധികൃതരെ അറിയിച്ചത്. ഉടൻ തന്നെ സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തിയ പോലീസ് പ്രദേശത്തേക്ക് ഉള്ള പ്രവേശനം വിലക്കി എന്ന് മാത്രമല്ല ഈ ലോഹഗോളത്തിന്‍റെ വിശദമായ എക്സ്-റേ പരിശോധനയും നടത്തി. പക്ഷേ അസ്വാഭാവികമായി ഒന്നും ഇതില്‍ നിന്നും കണ്ടെത്തിയിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. അധികം വൈകാതെ തന്നെ ഇത് ബീച്ചിൽ നിന്നും നീക്കം ചെയ്യും എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്കു മുൻപാണ് അമേരിക്കയുടെ ആകാശത്ത് ഒരു ചാര ബലൂൺ പ്രത്യക്ഷപ്പെട്ടത്. ഇത് ചൈന അയച്ചതാണെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഈ ലോഹ ഗോളം അത്തരത്തിലുള്ള എന്തെങ്കിലും ആകാനുള്ള സാധ്യത അധികൃതർ നിരാകരിച്ചു. അപ്പോഴും ഇത് എവിടെ നിന്നും വന്നു എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Exit mobile version