രണ്ടു മാസങ്ങൾക്ക് മുമ്പ് തങ്ങളെ ഏറെ ബുദ്ധിമുട്ടിച്ച ആ കൃഷ്ണപ്പരുന്ത് വീണ്ടും തങ്ങളുടെ വീട്ടു മുറ്റത്ത് മടങ്ങിയെത്തിയ പേടിയിലാണ് നായരമ്പലം സ്വദേശിയായ ഓമനയും മകൾ സോനയും. ആകെ ആശങ്കയിലാണ് ഈ അമ്മയും മകളും. കൃഷ്ണപ്പരുന്തിനെ കൊണ്ടുള്ള ശല്യം മൂലം അവർ വനം വകുപ്പിനെ വിവരം അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വനം വകുപ്പ് അധികൃതര്‍ എത്തി കൃഷ്ണപ്പരുന്തിനെ വനത്തിനുള്ളിലേക്ക് എത്തിച്ചിരുന്നു . അപ്പോഴും ഓമനയ്ക്കും മകൾ സോനക്കും ഭയം വിട്ടു മാറിയിരുന്നില്ല. എങ്കിലും പരുന്ത് ഇല്ലല്ലോ എന്ന ആശ്വാസത്തിൽ ആയിരുന്നു അവർ. എന്നാൽ വ്യാഴാഴ്ച പുലർച്ചയോടെ പരുന്ത് വീണ്ടും വീട്ടു മുറ്റത്ത് തിരികെ എത്തിയതോടെ ആകെ പേടിച്ചിരിക്കുകയാണ് ഈ അമ്മയും മകളും.
ഇക്കഴിഞ്ഞ ഡിസംബർ 29നാണ് വാർഡ് അംഗമായ പ്രമോദും സുഹൃത്തുക്കളും മറ്റൊരിടത്തേക്ക് പരുന്തിനെ കൊണ്ടു പോയത്. എന്നാൽ പരുന്ത് കൂടു പൊളിച്ച് തിരികെ വരികയായിരുന്നു. പുറത്തിറങ്ങാൻ പോലും പറ്റാത്ത തരത്തിൽ ആക്രമിച്ച കൃഷ്ണപ്പരുന്തിന്റെ മടങ്ങി വരവ് ഏവരെയും ഭയപ്പെടുത്തിയിരിക്കുകയാണ്. രണ്ടാമത്തെ വരവിൽ കൃഷ്ണപ്പരുന്ത് കൂടുതൽ അക്രമകാരിയായി മാറി എന്നാണ് വീട്ടുകാർ പറയുന്നത്.
നേരത്തെ ഈ പരുന്തിനെ കൊണ്ടുള്ള ശല്യം പകൽ മാത്രമായിരുന്നു എങ്കിൽ ഇപ്പോൾ രാത്രിയിലും പരുന്തിന്റെ ഉപദ്രവം തുടരുകയാണ്. ഇതോടെ ആകെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ഈ അമ്മയും മകളും. വീടിന് പുറത്തുള്ള ബാത്റൂമിൽ പോലും പോകാൻ പറ്റാത്ത സ്ഥിതിയാണ് ഇരുവർക്കും. ഇതോടെയാണ് വനം വകുപ്പിന്റെ സഹായത്തോടെ പരുന്തിനെ വനത്തിനുള്ളിൽ എത്തിച്ചത്. എന്നാൽ വീണ്ടും പരുന്ത് തിരികെ വന്നതാണ് ഇപ്പോൾ ഓമനക്കും മകൾക്കും പ്രതിസന്ധി ആയിരിക്കുന്നത്.