ഇന്ന് വർദ്ധിച്ചു വരുന്ന ജീവിത ചെലവ് മൂലം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുകയാണ് ഓരോ വ്യക്തിയും. ഗൾഫിലേക്ക് ഉള്ള മലയാളികളുടെ ഒഴുക്ക് കുറയാനുള്ള പ്രധാന കാരണം പല ഗൾഫ് രാജ്യങ്ങളിലും അമിതമായ ജീവിത ചിലവാണ്. ദുബായ് അബുദാബി പോലെയുള്ള വൻ നഗരങ്ങളിൽ ജീവിക്കുന്നവർക്ക് ഒരുമാസം ലഭിക്കുന്ന ശമ്പളത്തിന്റെ വലിയൊരു ശതമാനവും നിത്യവൃത്തിക്ക് വേണ്ടി മാത്രം ചെലവഴിക്കേണ്ട സ്ഥിതിയാണ് ഉള്ളത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമാണ് നിരവധി മലയാളികൾ ജോലി തേടി പോകുന്ന മസ്കറ്റ്. ലോകത്ത് തന്നെ ജീവിത ചെലവ് താങ്ങാൻ കഴിയുന്ന നഗരങ്ങളുടെ പട്ടികയിൽ മസ്കറ്റും ഇടം പിടിച്ചിരിക്കുകയാണ് ഇപ്പോൾ. ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടത് അമേരിക്കൻ ഓൺലൈൻ ലെന്‍റര്‍ ആയ നെറ്റ് ക്രെഡിറ്റ് ആണ്. ഇവരുടെ റിപ്പോർട്ട് അനുസരിച്ച് ലോകത്ത് ജീവിത ചെലവ് കുറവുള്ള നഗരങ്ങളിൽ ഏറ്റവും മുന്നിലാണ് മസ്കറ്റ്.
റിപ്പോർട്ട് തയ്യാറാക്കുന്നതിന് വേണ്ടി ആഗോള അടിസ്ഥാനത്തിൽ 73 തലസ്ഥാന നഗരങ്ങളുടെ 8 ലക്ഷം വസ്തുക്കളാണ് വിശകലനം നടത്തിയത്. ഇതിൻറെ ഭാഗമായി ഓരോ നഗരത്തിലെയും വീടുകളുടെ വില, അവിടുത്തെ പ്രാദേശിക റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിന്നും കെട്ടിടങ്ങളെ സംബന്ധിച്ച വിശദമായ പഠനം, ഓരോ സ്ഥലത്തെയും ശരാശരി ശമ്പളം , എന്നിവയെല്ലാം വിശകലനം ചെയ്തു. ഇതിന് ശേഷമാണ് ജീവിത ചിലവ് താങ്ങാൻ കഴിയുന്നതാണോ എന്ന നിഗമനത്തിൽ ഇവർ എത്തിച്ചേർന്നത്.
കമ്പനിയുടെ കണക്കനുസരിച്ച് മസ്കറ്റിൽ ഒരു ഇടത്തരം വീട് വാങ്ങുന്നതിന് നാലു വർഷത്തെ ശമ്പളം മതിയാകും. മറ്റ് വികസിത നഗരങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. ഇതേ രീതിയിൽ കുറഞ്ഞ ചിലവിൽ വീടു വാങ്ങാൻ കഴിയാവുന്ന മറ്റൊരു നഗരം ദക്ഷിണാഫ്രിക്കയിലെ പ്രിറ്റോറിയ ആണ്. നിലവിലത്തെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ താരതമ്യേന ജീവിത ചിലവ് കുറവുള്ള നഗരങ്ങളിൽ ഒന്നാണ് മസ്കറ്റ്. ദുബായ് പോലെയുള്ള നഗരങ്ങളിൽ സാധാരണ ജോലി ചെയ്യുന്ന ഒരു പ്രവാസിയുടെ ഒരു മാസത്തെ ശമ്പളം ഭക്ഷണത്തിനും താമസത്തിനും മാത്രമേ മതിയാവുകയുള്ളൂ എന്നാണ് കണക്ക്. ഇങ്ങനെ നോക്കുമ്പോൾ മസ്കറ്റിൽ ജീവിത നിലവാരം മെച്ചപ്പെട്ടതാണെന്ന് മാത്രമല്ല ചിലവും കുറവാണ്.