ശസ്ത്രക്രിയ നടത്തുന്നതിനിടെ വയറ്റിനുള്ളിൽ കത്രിക മറന്നു വെച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് നൽകുന്നത് വൈകുന്നതില്‍ പ്രതിഷേധവുമായി യുവതി രംഗത്ത്. ശസ്ത്രക്രിയയുടെ പരിശോധനാ ഫലം വൈകുന്നത് ചൂണ്ടിക്കാട്ടി ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ മുന്നിൽ സമരം ആരംഭിക്കാന്‍ യുവതി തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട് അടിവാരം സ്വദേശിനിയായ ഹർഷിന എന്ന യുവതിയാണ് ആശുപത്രിക്കെതിരെ പ്രതിഷേധവുമായി മുന്നോട്ടു രംഗത്ത് വന്നിരിക്കുന്നത്.
ഇതിന് ആസ്പദമായ സംഭവം നടന്നത് 2017 ലാണ്. ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ശസ്ത്രക്രിയ നടത്തിയ കത്രിക മറന്നു വച്ചിരുന്നു. പിന്നീട് 5 വർഷത്തിനു ശേഷമാണ് വയറ്റിൽ നിന്നും മറന്നു വെച്ച കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിൽ അധികൃതര്‍ പുറത്തെടുത്തത്. ഇത് വലിയ വിവാദമായി മാറിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിടാതിരിക്കുന്നത് ആശുപത്രി അധികൃതരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എന്ന് ഹർഷിന ആരോപിക്കുകയുണ്ടായി.
വയറ്റിനുള്ളിൽ മറന്നു വെച്ച കത്രിക ശാസ്ത്രീയ റിപ്പോർട്ടിന് അയച്ചത് ജനുവരി 21നാണ്. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. പക്ഷേ ഇത് പുറത്തു വിടാതെ മറച്ചു വയ്ക്കുകയാണ് എന്നാണ് യുവതി ആരോപിക്കുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ടു ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും അന്വേഷണം തുടരുന്നുണ്ട് എങ്കിലും ഇതുവരെ റിപ്പോർട്ട് പുറത്തു വന്നിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ആണ് യുവതി നിരാഹാര സമരം ആരംഭിക്കുന്നത്. ഈ വിഷയം വലിയ വാര്‍ത്ത ആയതോടെ ഉടന്‍ റിപ്പോര്‍ട്ട് പുറത്തു വിടുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.