ലിഥിയം നിധിയാണ്; കശ്മീരില്‍ കണ്ടെത്തിയത് അപൂര്‍വ്വ ശേഖരം; ഇതിലൂടെ ഇന്ത്യ ചരിത്രമെഴുതും; ലേലത്തിൽ വയ്ക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ജമ്മു കാശ്മീരിലെ റിയാസി ജില്ലയിൽ 5.9 ദശലക്ഷം വരുന്ന ലിഥിയം നിക്ഷേപം കണ്ടെത്തിയതുമായി ബന്ധപ്പെട്ട വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇത് ഇന്ത്യയെ സംബന്ധിച്ച് അപൂർവ്വ സൗഭാഗ്യമാണ്. ഭാവി തന്നെ ഇതിലൂടെ മാറ്റി എഴുതാൻ കഴിയും എന്നാണ് കരുതപ്പെടുന്നത്. മാറിയ കാലഘട്ടത്തിൽ വെളുത്ത സ്വർണ്ണം എന്ന പേരിലാണ് ലിഥിയം അറിയപ്പെടുന്നത്. ഇത് ലേലം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം. ഇത് സംബന്ധിച്ച ആദ്യ നടപടി ജൂണിൽ തുടങ്ങാനിരിക്കുകയാണ്. മറ്റ് ഏത് സർക്കാർ ലേലവും പോലെ തന്നെയായിരിക്കും ഇതും നടത്തുക,  പക്ഷേ ചില പ്രധാനപ്പെട്ട വ്യവസ്ഥകൾ ഇതുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ടു വയ്ക്കുന്നുണ്ട്. ലിഥിയം സംസ്കരണം നടത്തുന്നതും ശുദ്ധീകരിക്കുന്നതും ഇന്ത്യയിൽ മാത്രമേ പാടുള്ളൂ എന്നും ഒരു കാരണവശാലും വിദേശത്ത് അയക്കരുത് എന്നും കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച് ഒരു ക്ലോസ് വച്ചിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ ലിഥിയം ശുദ്ധീകരിക്കുന്നതിന് ഇന്ത്യയിൽ സൗകര്യം ഇല്ല എന്നതാണ് നേരിടുന്ന ഒരു പ്രധാന വെല്ലുവിളി.

ലിഥിയം നിധിയാണ്; കശ്മീരില്‍ കണ്ടെത്തിയത് അപൂര്‍വ്വ ശേഖരം; ഇതിലൂടെ ഇന്ത്യ ചരിത്രമെഴുതും; ലേലത്തിൽ വയ്ക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ 1

2030 ആകുന്നതോടെ വലിയൊരു ശതമാനം സ്വകാര്യ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും രാജ്യത്ത് തന്നെ നിർമ്മിച്ച് വിൽപ്പന നടത്തുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയാണെങ്കിൽ വലിയൊരു അളവ് വരെ ഇന്ത്യയിൽ എണ്ണയുടെ ഉപയോഗം കുറയ്ക്കാൻ കഴിയും. ഇലക്ട്രിക് വാഹനങ്ങളുടെ ഹൃദയമാണ് ലിഥിയം ബാറ്ററി. നിലവിൽ ലിഥിയം ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. വലിയ തോതിൽ വളർന്നു കൊണ്ടിരിക്കുന്ന ഒരു വ്യാപാര വ്യവസായ മേഖലയാണ് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹന വിപണി. അതുകൊണ്ടു തന്നെ രാജ്യത്ത് കണ്ടെത്തിയ ലിഥിയം നിക്ഷേപത്തിന് വലിയ പ്രാധാന്യം തന്നെയുണ്ട്. രാജ്യാന്തര തലത്തിൽ തന്നെ ഏറ്റവും അധികം ആവശ്യക്കാർ ഉള്ള ധാതുക്കളിൽ മുൻപന്തിയിലാണ് ലിഥിയത്തിന്റെ സ്ഥാനം. അതുകൊണ്ടാണ് ലിഥിയം വെളുത്ത സ്വർണ്ണം എന്ന പേരിൽ അറിയപ്പെടുന്നത്.

Exit mobile version