ആരും തൊടാൻ മടിയ്ക്കുന്ന ചീഞ്ഞളിഞ്ഞ മൃതശരീരങ്ങൾ ഒരു ഭയവും മടുപ്പുമില്ലാതെ ജയചന്ദ്രൻ സംസ്കരിക്കും. ആശുപത്രിയിലുള്ള മാലിന്യ സംസ്കരണത്തിനും മാലിന്യ ടാങ്കുകൾ വൃത്തിയാക്കുന്നതും ജയചന്ദ്രൻ തന്നെയാണ്. ഈ വ്യത്യസ്തമായ ജീവിത പാതയിൽ രോഗം തടസ്സമായതോടെ പണമില്ലാതെ ജയചന്ദ്രൻ ഒറ്റപ്പെട്ടു.
കുട്ടി ആയിരിക്കുമ്പോൾ തന്നെ ജയചന്ദ്രന്റെ അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയതാണ്. ജില്ലാ പഞ്ചായത്ത് സഹായിച്ചതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ ജയചന്ദ്രൻ താൽക്കാലിക ജോലിക്ക് കയറി. ആരും ചെയ്യാൻ മടിക്കുന്ന ജോലിയാണ് ജയചന്ദ്രന്റെ ഉപജീവനമാർഗ്ഗം. ജോലി ചെയ്യുന്നതിനിടെ ഇടയ്ക്ക് തലവേദന വരാറുണ്ടെങ്കിലും അതൊന്നും ജയചന്ദ്രൻ ആദ്യമൊന്നും കാര്യമാക്കിയിരുന്നില്ല. എന്നാൽ ഇടയ്ക്ക് ജോലിക്കിടെ ബോധം കെട്ടു വീണു. തുടർന്ന് നടത്തിയ പരിശോധനയിൽ തലച്ചോറിന് കുഴപ്പമുണ്ടെന്ന് കണ്ടെത്തി. ശ്രീചിത്രയിൽ പോയി ഓപ്പറേഷൻ നടത്തണം എന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിൻറെ ചിലവ് എട്ടു ലക്ഷം രൂപയാകും. ഒരു താൽക്കാലിക ജോലി കൊണ്ട് ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തെ ജയചന്ദ്രൻ മുന്നോട്ടു കൊണ്ടുപോകുന്നത് തന്നെ വളരെ പ്രയാസപ്പെട്ടാണ്. ഇതിനിടെയാണ് രോഗ വിവരം പുറത്തു വന്നത്. ജയചന്ദ്രന്റെ ഭാര്യയ്ക്ക് നേരത്തെ ഒരു കശുവണ്ടി ഫാക്ടറിയിൽ ജോലി ഉണ്ടായിരുന്നു. എന്നാൽ അത് പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ടു.
ജയചന്ദ്രന്റെ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങളും മറ്റും ഇതുവരെ നല്കിയത് ആശുപത്രി ജീവനക്കാരാണ്. ഇപ്പോഴും കടുത്ത തലവേദനയാണ്. അത് സഹിച്ചാണ് ജയചന്ദ്രൻ ജോലി തുടരുന്നത്. തന്റെ ശസ്ത്രക്രിയയ്ക്ക് എങ്ങനെ പണം കണ്ടെത്തും എന്ന കാര്യത്തിൽ ജയചന്ദ്രന് ഒരു ഊഹവുമില്ല. ഇപ്പോൾ തന്നെ മരുന്നിനും മറ്റുമായി നല്ല ഒരു തുക ആവശ്യമാണ്. ഇതിലൂടെ ജീവിത ചെലവ് മുന്നോട്ടുകൊണ്ടുപോകാൻ ജയചന്ദ്രൻ പാടുപെടുകയാണ്.
ഇന്ത്യന്‍ ബാങ്കിന്‍റെ കൊല്ലം ശാഖയില്‍ ജയചന്ദ്രന്റെ പേരില്‍ അക്കൗണ്ടുണ്ട്. അക്കൗണ്ട് നമ്ബര്‍: 617310219. ഐ.എഫ്.എസ്.സി.: IDIB000M170