തൻറെ വീട് കണ്ടിട്ട് എങ്ങനെ അവർക്ക് അത് പറയാൻ തോന്നി; വിജിലന്‍സിനെതിരെ ആരോപണവുമായി കല്ലട സ്വദേശി

അപേക്ഷ നൽകാത്തവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും പണം ലഭിച്ചു എന്ന വിജിലൻസിന്റെ കണ്ടെത്തൽ വാസ്തവ വിരുദ്ധമാണെന്ന് ദുരിതാശ്വാസനിധി ഗുണഭോക്താവായ കൊല്ലം പടിഞ്ഞാറെ കല്ലട സ്വദേശി രാമചന്ദ്രൻ. പ്രളയം വന്നപ്പോൾ തകർന്നുപോയ വീടിന് അറ്റകുറ്റപ്പണി നടത്തുന്നതിന് വേണ്ടിയാണ് അപേക്ഷ നൽകിയത്. അതിന്റെ ഭാഗമായാണ് പണം ലഭിച്ചതെന്ന് രാമചന്ദ്രൻ പറയുന്നു.

തൻറെ വീട് കണ്ടിട്ട് എങ്ങനെ അവർക്ക് അത് പറയാൻ തോന്നി; വിജിലന്‍സിനെതിരെ ആരോപണവുമായി കല്ലട സ്വദേശി 1

പ്രകൃതിക്ഷോഭത്തിൽ അകപ്പെട്ട് വീട് തകർന്നു എന്ന് കാണിച്ചു നാല് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും കൈപ്പറ്റി എന്നാണ് വിജിലൻസിന്‍റെ കണ്ടെത്തല്‍. അപേക്ഷ പോലും കൊടുക്കാതെയാണ് രാമചന്ദ്രന് പണം ലഭിച്ചത് എന്ന വിജിലൻസിന്റെ നിഗമനം തെറ്റാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

വീടിൻറെ ആറ്റകുറ്റപ്പണി നടത്തുന്നതിന് 2021ല്‍  അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചതിനു ശേഷമാണ് പല ഗഡുക്കളായി 4 ലക്ഷം രൂപ ലഭിച്ചത്. രാമചന്ദ്രന്റെ വീടിൻറെ അവസ്ഥ വളരെ പരിതാപകരമാണ്. തന്‍റെ വീട് കണ്ടിട്ടും ഒരു കേടുപാടും ഇല്ല എന്ന് പറയുവാൻ വിജിലൻസിന് എങ്ങനെ മനസ്സ് വന്നു എന്ന് രാമചന്ദ്രൻ ചോദിക്കുന്നു.

വളരെ വർഷങ്ങളായി രാമചന്ദ്രൻ തനിച്ചാണ് താമസിക്കുന്നത്. പല രോഗങ്ങൾക്കും ചികിത്സ ചെയ്യുന്നുണ്ട്. ഈ വിവരങ്ങൾ കൂടി ചൂണ്ടിക്കാട്ടിയാണ് ദുരിതാശ്വാസനിധിയിൽ എന്നും പണം ലഭിക്കാൻ അപേക്ഷ സമർപ്പിച്ചത്. ലഭിച്ച തുകയില്‍ നിന്നും ₹30,000 രൂപ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിച്ചു. ബാക്കി പണം അതുപോലെതന്നെ കൈവശമുണ്ട്. വീടിൻറെ അറ്റകുറ്റപ്പണികൾ ചെയ്യുന്നത് വൈകാനുള്ള കാരണം രോഗത്തിന്റെ ചികിത്സ മൂലമാണെന്ന് രാമചന്ദ്രന്‍ പറയുന്നു. എന്നാൽ ഇതിന് വിജിലൻസ് നൽകുന്ന വിശദീകരണം രാമചന്ദ്രൻ നൽകിയ അപേക്ഷ കണ്ടെത്താൻ ആയിട്ടില്ല എന്നതാണ്. അതേസമയം പരാതി ഉയർന്ന സാഹചര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നാണ് വിജിലൻസിന്റെ നിലപാട്.

Exit mobile version