എന്താണ് ബെൽസ് പാൾസി…. ഈ രോഗത്തെ ഭയപ്പെടേണ്ടതുണ്ടോ…എന്താണ് രോഗകാരണം…. അറിയേണ്ടതെല്ലാം…. 

ബെൽസ് പാൾസി എന്ന രോഗത്തെക്കുറിച്ച് ഇപ്പോൾ വീണ്ടും ചർച്ച വരാനുള്ള കാരണം അവതാരകനും നടനുമായ മിഥുൻ രമേഷ് കഴിഞ്ഞ ദിവസം
നടത്തിയ വെളിപ്പെടുത്തലാണ്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ ആണ് അദ്ദേഹം രോഗ വിവരം പുറം ലോകത്തെ അറിയിച്ചത്. നിലവിൽ ചികിത്സയിൽ ആണെന്നും വൈകാതെ സുഖം പ്രാപിക്കും എന്നുമാണ് ഡോക്ടർമാർ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതോടെ ബെൽസ് പാൾസി എന്ന രോഗം വീണ്ടും ചർച്ചകളിൽ ഇടം പിടിച്ചു. എന്താണ് ബെൽസ് പാൾസി.. ? ഈ രോഗത്തെ ഭയപ്പെടേണ്ടതുണ്ടോ…നമുക്കൊന്ന് പരിശോധിക്കാം.

വളരെ സർവസാധാരണമായ ഒരു അസുഖം മാത്രമാണ് ബെൽസ് പാൾസി. ഇതിനെ സ്ട്രോക്ക് എന്ന് വിളിക്കാൻ പറ്റില്ല. മുഖത്തെ ഞരമ്പുകൾക്ക് ഉണ്ടാകുന്ന തളർച്ചയാണ് ഈ രോഗം എന്ന് വേണമെങ്കിൽ ഒറ്റവാക്കിൽ പറയാം. നെറ്റ് ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനും ഒക്കെ മുഖത്തുള്ള മസിൽസിന്‍റെ സഹായം ആവശ്യമാണ്. ഇതിന് സഹായിക്കുന്നത് മസിലിലുള്ള ഞരമ്പ് ആണ്. ഈ ഞരമ്പുകളെ ബാധിക്കുന്ന രോഗമാണ് ബെൽസ്  പാൾസി.

ഈ രോഗം വരാൻ പ്രത്യേകിച്ച് ഒരു കാരണവും വേണമെന്നില്ല. പെട്ടെന്നൊരു ദിവസം ഞരമ്പുകളിൽ ഉണ്ടാകുന്ന പ്രവർത്തന വൈകല്യമാണ് രോഗത്തിലേക്ക് നയിക്കുന്നത്. രോഗം വരുമ്പോൾ ഒരു വശത്തെ ഞരമ്പുകൾ തളരുന്നതോടൊപ്പം മുഖം ഒരു വശത്തേക്ക് കോടി പോവുകയും ചെയ്യും. നെറ്റി ചുളിക്കുന്നതിനും  കണ്ണടയ്ക്കുന്നതിനും പ്രയാസം അനുഭവപ്പെടും. ഭക്ഷണം പോലും ഒരു വശം കൊണ്ടു മാത്രമേ കഴിക്കാൻ പറ്റുകയുള്ളൂ. രോഗം വരുന്നതോടെ മുഖത്തിന്റെ ഭംഗി തന്നെ നഷ്ടപ്പെടും. പലരും ഇത് സ്ട്രോക്ക് ആണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.

ഈ രോഗം വന്നാൽ കൃത്യസമയത്ത് മരുന്ന് കഴിച്ചു ചികിത്സ തുടങ്ങണം. ഫിസിയോതെറാപ്പിയും ചെയ്തു തുടങ്ങണം. കൃത്യമായ ചികിത്സ നൽകിയാൽ 95 ശതമാനം ആളുകൾക്കും രോഗം പൂർണമായും ഭേദമാക്കാൻ കഴിയും. അപൂർവം ചിലരിൽ മാത്രമാണ് അധികനാളത്തേക്ക് രോഗം നീണ്ടുനിൽക്കുക.

ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഈ രോഗം വരാം. കൃത്യമായ ചികിത്സയിലൂടെ രോഗം മാറ്റിയെടുക്കാൻ കഴിയും. രോഗം തനിയെ മാറിക്കൊള്ളും എന്ന് കരുതിയിരിക്കരുത്. ഫിസിയോതെറാപ്പി ഉറപ്പായും ചെയ്യണം. കൃത്യമായി മരുന്നു കഴിക്കുകയാണെങ്കിൽ ഒരിക്കലും ഭയപ്പെടേണ്ട രോഗമല്ല ഇത്. 

Exit mobile version