കഴിഞ്ഞ കുറച്ച് നാളുകളായി നമ്മുടെ നാട്ടില്‍ പനി , ചുമ , ചർദ്ദി , തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാക്കുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതായി ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അഭിപ്രായപ്പെട്ടു (IMA) .
ഐ എം എയുടെ അഭിപ്രായത്തിൽ പല അണുബാധകളും ഏഴു ദിവസം വരെ നീണ്ടു നിൽക്കാം. എന്നാൽ പനി മൂന്ന് ദിവസത്തിനുള്ളിൽ തന്നെ മാറും. അതേ സമയം ചുമ ആകട്ടെ മൂന്നാഴ്ച വരെ നീണ്ടു നിൽക്കും. കൂടുതലായും എച്ച് ത്രീ എൻ 2 എന്ന വിഭാഗത്തിൽ പെടുന്ന ഇൻഫ്ലുവൻസ വൈറസാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. രോഗങ്ങള്‍ക്ക് കഴിവതും ആന്റിബയോട്ടിക് ചികിത്സ പരമാവധി കുറയ്ക്കണം എന്നാണ് ഡോക്ടർമാർക്ക് ഐ എം എ ഇപ്പോള്‍ നൽകിയിരിക്കുന്ന നിർദ്ദേശം.
പതിവിൽ നിന്നും വ്യത്യസ്തമായി ഇന്ന് ആന്റിബയോട്ടിക്ക് വാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരെ കാണാതെ പോലും ഇങ്ങനെ മരുന്നുകള്‍ വാങ്ങി കഴിക്കുന്നവര്‍ വിരളമല്ല. ഇത് ഭാവിയിൽ പല മരുന്നുകളും ഫലിക്കാതെ വരുന്നതിലേക്ക് നയിക്കും. ഇത് മൂലം പല വിധത്തിലും ഉള്ള ശാരീരിക പ്രശ്നങ്ങളും ഉണ്ടായേക്കാം. ആന്റിബയോട്ടിക്കുകൾ ഒരു കാരണവശാലും സ്വന്തം ഇഷ്ടം അനുസരിച്ച് വാങ്ങി കഴിക്കാൻ പാടുള്ളതല്ല. നേരത്തെ കോവിഡ് കാലത്താണ് ആന്റിബയോട്ടിക്കുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നത്. പല രോഗികളും ഡോക്ടറുടെ ഒരു നിര്‍ദേശവും ഇല്ലാതെ തന്നെ ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിച്ചിരുന്നു. ഇത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകാൻ കാരണമാകുമെന്ന് ഡോക്ട്ര്‍മാരുടെ സംഘടന അഭിപ്രായപ്പെടുന്നു.