കേരളം സമാനതകളില്ലാത്ത കടുത്ത ചൂടിലേക്ക് നീങ്ങുകയാണ്. ഫെബ്രുവരി മുതൽ കടുത്ത ചൂട് ആരംഭിച്ചപ്പോൾ തന്നെ വരാൻ പോകുന്നത് അത്യുഷ്ണത്തിന്റെ നാളുകൾ ആയിരിക്കും എന്ന് ഏറെക്കുറെ ഉറപ്പിച്ചതാണ്. എന്നാൽ എല്ലാ കണക്കുകൂട്ടലുകളെയും മറികടന്ന് തുടക്കത്തിൽ തന്നെ 40 ഡിഗ്രി കടന്നിരിക്കുകയാണ് ചൂട്. വരും ദിവസങ്ങളിലും ഇത് തുടർന്നാൽ കേരളം കടുത്ത വരൾച്ചയിലേക്ക് നിന്നും എന്നാണ് റിപ്പോർട്ട്. ഇതിൻറെ ഒപ്പം തന്നെ പലവിധ രോഗങ്ങളും ഉണ്ടാകും.
കഴിഞ്ഞ ദിവസങ്ങളിൽ തന്നെ കേരളത്തിൽ ആറിടങ്ങളിൽ 40 ഡിഗ്രിയിൽ അധികം ചൂട് ഉണ്ടായിരുന്നു. വടക്കൻ കേരളത്തിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. വടക്കൻ ജില്ലകളായ കണ്ണൂർ കാസർഗോഡ് പാലക്കാട് എന്നിവിടങ്ങളിൽ 40 ഡിഗ്രിക്ക് മുകളിൽ ആയിരുന്നു ചൂട് രേഖപ്പെടുത്തിയത്. കേരളത്തിലെ മിക്ക ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ 36 ഡിഗ്രിക്ക് മേലാണ് താപനില. കണ്ണൂർ വിമാനത്താവളത്തിൽ 41.3 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ചൂടു തുടരും എന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ.
ഇനിയുള്ള ദിവസങ്ങളിൽ താപ തരംഗം ഉണ്ടായേക്കാം എന്നാണ് പ്രവചനം. എറണാകുളം കോട്ടയം ജില്ലകളിൽ ചൂട് 38 ഡിഗ്രിയായി വർദ്ധിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ താരതമ്യേന താപനില കുറവുള്ളത് തെക്കൻ ജില്ലകളിലാണ്. തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലയിലും ചൂട് 35 ഡിഗ്രിക്ക് മുകളിലാണ്. പാലക്കാട് മലപ്പുറം കണ്ണൂർ കോഴിക്കോട് കാസർഗോഡ് എന്നീ ജില്ലകളിൽ പകൽ സമയത്ത് പുറത്തിറങ്ങാൻ പോലും കഴിയാത്ത വിധം ചൂട് ഉയരുകയാണ്. വരും ദിവസങ്ങളിൽ ഇത് തുടരും. മാർച്ച് ആദ്യപാദത്തിൽ തന്നെ വേനൽ മഴ ലഭിക്കും എന്ന് കരുതുന്നുണ്ടെങ്കിലും ഇത് ഉറപ്പിച്ച് പറയാൻ കഴിയില്ല.
ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകാനുള്ള സാധ്യതയാണ് കാണുന്നത്. വരും ദിവസങ്ങളിൽ മഴ ലഭിക്കാത്ത പക്ഷം പ്രധാന ജലസ്രോതസ്സുകൾ ഒക്കെ വറ്റിവരളാൻ സാധ്യതയുണ്ട്. സംസ്ഥാനത്തുള്ള പല ജില്ലകളിലും ഭൂഗർഭജലത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. നിലവിൽ പാപനില കഴിഞ്ഞ വർഷത്തേക്കാൾ ഒരുപാട് ഉയരെയാണ് നിൽക്കുന്നത്.
പൊതുജനങ്ങൾ പകൽ 11 മണി മുതൽ മൂന്നു മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതില്‍ നിന്നും ഒഴിവാകണമെന്ന് ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പ്രത്യേകം പറയുന്നുണ്ട്.