തന്റെ അമ്മ മരിച്ചു പോയത് അറിയാതെ അമ്മയുടെ ഒപ്പം മകൻ കഴിഞ്ഞത് രണ്ടു ദിവസം. സംഭവം നടന്നത് ഫെബ്രുവരി 26നാണ്. ബാംഗ്ലൂരിലുള്ള ആർ ടി നഗറിലെ ഒരു വീട്ടിലാണ് അമ്മയുടെ മരണ വിവരം അറിയാതെ മകൻ രണ്ടു ദിവസം അതേ വീട്ടിൽ കഴിച്ചു കൂട്ടിയത്.
44 വയസ്സുകാരിയായ അന്നമ്മ ഷുഗർ കുറഞ്ഞതിനെത്തുടർന്ന് ഉറക്കത്തിൽ മരണപ്പെടുകയായിരുന്നു. വീട്ടിൽ അമ്മയും 14 കാരന്‍ മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നമ്മയുടെ ഭർത്താവ് കഴിഞ്ഞ വർഷം മരണപ്പെട്ടിരുന്നു. വൃക്ക രോഗം ബാധിച്ചാണ് ഇദ്ദേഹം മരിച്ചത്. തുടർന്ന് അമ്മയും മകനും വീട്ടിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്.
എല്ലാദിവസവും 14 കാരനായ മകൻ സുഹൃത്തുക്കളുടെ ഒപ്പം കളിക്കാൻ പോകുന്നത് പതിവാണ്. ഭക്ഷണം കഴിക്കുന്നത് കൂട്ടുകാരുടെ ഏതെങ്കിലും വീട്ടിൽ നിന്നായിരിക്കും. അതുകൊണ്ടുതന്നെ മകൻ കളി കഴിഞ്ഞ് തിരികെ എത്തുമ്പോൾ അമ്മ നല്ല ഉറക്കമായിരിക്കും.
അമ്മ തന്നോട് പിണക്കം ആയതുകൊണ്ട് മിണ്ടാതിരിക്കുകയാണ് എന്നാണ് മകൻ കരുതിയിരുന്നത്. അമ്മ പിണങ്ങി എന്ന് 14 കാരൻ അച്ഛൻറെ ചില സുഹൃത്തുക്കളോട് പറയുകയും ചെയ്തു. രണ്ടു ദിവസമായി അമ്മ മിണ്ടുന്നില്ല എന്ന് മകൻറെ പരാതി കേട്ട അച്ഛൻറെ സുഹൃത്തുക്കൾക്ക് സംശയം തോന്നി.
അതിൽ എന്തോ അപാകത ഉണ്ടല്ലോ എന്ന് മനസ്സിലാക്കിയ അവർ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് അന്നമ്മ മരിച്ചു എന്ന് കണ്ടെത്തിയത്. അപ്പോഴാണ് കുട്ടിയും വിവരം അറിയുന്നത്. തുടർന്ന് സുഹൃത്തുക്കൾ വിവരം പോലീസിനെ അറിയിച്ചു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ അസ്വാഭാവികമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് സ്വാഭാവിക മരണമാണ് എന്നാണ് ഇതുവരെയുള്ള നിഗമനം. ഏതായാലും അന്വേഷണം തുടരുകയാണ്. ഷുഗർ കുറഞ്ഞാണ് അന്നമ്മ മരണപ്പെട്ടത് എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഉള്ളത്. കൂടുതൽ വിവരങ്ങൾ വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ ലഭിക്കുകയുള്ളൂ.